എൻ.എം വിജയന്റെ മരണം: കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തും

കൽപറ്റ: വയനാട് ഡി.സി.സി ട്രഷററായിരുന്ന എൻ.എം. വിജയന്റെയും മകന്റെയും മരണത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തും. ഡി.സി.സി പ്രസിഡന്റ്‌ എൻ.ഡി.അപ്പച്ചൻ, ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണനടക്കമുള്ള നേതാക്കൾക്കെതിരെ ആത്മഹത്യ കേസെടുത്തേക്കും. എൻ.എം വിജയൻ നേതാക്കൾക്കയച്ച കത്തിലും ആത്മഹത്യ കുറിപ്പിലും ഇരുവരുടെയും പേരുകളും പരാമർശിക്കപ്പെട്ടതോടെയാണ് പൊലീസ് നടപടി കടുപ്പിക്കുന്നത്. കത്തിൽ സൂചിപ്പിച്ച മറ്റു നേതാക്കൾക്കു നേരെയും നടപടിയുണ്ടാകും. പൊലീസ് ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയെന്നാണ് വിവരം. നേരത്തെ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തതെങ്കിലും ബുധനാഴ്ച ആത്മഹത്യപ്രേരണ വകുപ്പ് കൂടി ചേർത്തിരുന്നു.

പ്രതിപക്ഷ നേതാവിനെതിരെ കൂടി വിമർശനവുമായി എൻ.എം.വിജയന്റെ മകൻ രംഗത്തെത്തിയതോടെയാണ് പാർട്ടി കൂടുതൽ പ്രതിരോധത്തിലായത്. കുടുംബം കൂടുതൽ വിമർശനം ഉയർത്തിയാൽ പാർട്ടിയെ ഗുരുതരമായി ബാധിക്കുമെന്നുറപ്പിച്ചതോടെയാണ് കെ.പി.സി.സി അന്വേഷണസമിതി വേഗത്തിൽ എൻ.എം.വിജയന്റെ വീട്ടിലെത്തിയത്. ഏറെ നേരത്തേ ചർച്ചക്കൊടുവിൽ കുടുംബത്തെ അനുനയിപ്പിക്കാനായി. ആത്മഹത്യയിൽ നടപടി ഉണ്ടാകും എന്ന് കെപിസിസി ഉറപ്പു നൽകിയെന്നും മാധ്യമങ്ങൾക്ക് മുന്നിൽ ഇനി പ്രതികരിക്കാനില്ലെന്നും കുടുംബം അറിയിച്ചു. ഇതോടെ പാർട്ടിക്ക് നേരിയ തോതിലെങ്കിലും തലവേദനയൊഴിഞ്ഞെങ്കിലും മുന്നിലെ പ്രതിസന്ധിക്ക് കുറവുണ്ടാവുന്നില്ല.

കഴിഞ്ഞ ദിവസമാണ് എൻ.എം. വിജയന്‍റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നത്. നിയമനത്തിന്റെ പേരിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ കോഴ വാങ്ങിയെന്നാണ് ആത്മഹത്യകുറിപ്പിൽ പരാമർശിക്കുന്നത്. വലിയ ബാധ്യതകളുണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും ഏഴ് പേജിലേറെയുള്ള ആത്മഹത്യ കുറിപ്പിൽ ആരോപണമുണ്ട്. സാമ്പത്തിക ബാധ്യതയെ കുറിച്ച് കത്തിൽ വിശദീകരിച്ചിട്ടുണ്ട്. ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍റേയും ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്റേയും പേരുകളും എന്‍.എം. വിജയന്‍ എഴുതിയ കത്തിലുണ്ട്. വിജയന്റെ കുടുംബമാണ് കത്ത് പുറത്തുവിട്ടത്.

ഇതിനോടൊപ്പം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് വിജയൻ എഴുതിയ കത്തും പുറത്തുവന്നിട്ടുണ്ട്. കത്തിലും കോഴയെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. വിജയന്റെ ആത്മഹത്യക്ക് പിന്നാലെ സുല്‍ത്താന്‍ ബത്തേരി ബാങ്കിലെ നിയമന ക്രമക്കേട് ചര്‍ച്ചയായിരുന്നു. അതിനിടെ, കത്തിലെ ആരോപണങ്ങൾ ഐ.സി. ബാലകൃഷ്ണൻ നിഷേധിച്ചു. ഇ.ഡി, വിജിലൻസ് ഉൾ​പ്പെടെ ഏതുതരത്തിലുള്ള അന്വേഷണം നേരിടാനും തയാറാണെന്നും കോഴ വാങ്ങിയി​ട്ടില്ലെന്നും ബാലകൃഷ്ണൻ വ്യക്തമാക്കി.

അതിനിടെ, കോഴ വാങ്ങിയ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് വയനാട് സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖ് ആവശ്യപ്പെട്ടു. കോടികളുടെ അഴിമതിയാണ് കെ.പി.സി.സിയുടെ ഒത്താശയോടെ കോൺ​ഗ്രസ് ഭരിക്കുന്ന പല സഹകരണ ബാങ്കിലും നടക്കുന്നതെന്നും കെ. റഫീഖ് ആരോപിച്ചു.

Tags:    
News Summary - Death of NM Vijayan: Charges of abetment of suicide will be filed against Congress leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.