തിരുവനന്തപുരം: ആര്.എസ്.എസ് നോമിനിയെയോ തന്റെ ഒരാളെപ്പോലുമോ നിയമിച്ചിട്ടില്ലെന്നും മറിച്ചാണെന്ന് തെളിയിച്ചാൽ രാജിവെക്കാമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വെല്ലുവിളിക്കുമ്പോഴും അദ്ദേഹത്തിന്റെ പേഴ്സനൽ സ്റ്റാഫിന്റെ നിയമനം ദുരൂഹം. ബി.ജെ.പി സംസ്ഥാന സമിതി അംഗവും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഹരി എസ്. കർത്തയെ ആരിഫ് മുഹമ്മദ് ഖാന്റെ അഡീഷനൽ പി.എസാക്കി ഫെബ്രുവരി 14ന് സർക്കാർ ഉത്തരവിറക്കിയപ്പോൾ വ്യക്തമാക്കിയിരുന്നത് രാഷ്ട്രീയ നിയമനമെന്നായിരുന്നു. ഗവർണറുടെ നിർദേശം അംഗീകരിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.
ജനുവരി 18നാണ് നിയമനവുമായി ബന്ധപ്പെട്ട ഫയൽ സെക്രട്ടേറിയറ്റിലെത്തിയത്. ഫെബ്രുവരി ആദ്യവാരം സർക്കാർ തീരുമാനമെടുത്തു. ഉത്തരവിറങ്ങുന്നതിന് മുമ്പുതന്നെ ഹരി എസ്. കർത്ത ഗവർണറുടെ ഓഫിസിലെത്തി സ്ഥാനം ഏറ്റെടുത്തു. ജന്മഭൂമി മുൻ പത്രാധിപരായ ഹരി എസ്. കർത്ത കുമ്മനം രാജശേഖരൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ മാധ്യമവിഭാഗം മേധാവിയായി പ്രവർത്തിച്ചിരുന്നു. എന്നാൽ 30 വർഷത്തിലധികമായി മാധ്യമരംഗത്ത് സജീവമാണെന്നതാണ് നിയമനത്തിനുള്ള ന്യായമായി അന്ന് രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞത്.
സർക്കാറും ഗവർണറും തമ്മിലുള്ള ഒത്തുതീർപ്പിന്റെ ഭാഗമാണ് നിയമനമെന്ന ആക്ഷേപം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉന്നയിച്ചിരുന്നു. എന്നാൽ രാജ്ഭവൻ ശിപാർശ നൽകിയാൽ തള്ളാൻ അധികാരമില്ലെന്ന വാദം ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിയമനം അംഗീകരിച്ചത്. ഗവർണറെ അതൃപ്തി അറിയിച്ചായിരുന്നു നിയമന ഉത്തരവ്. ഗവർണർ ആവശ്യപ്പെട്ട് നടത്തിയ നിയമനങ്ങളുടെ പട്ടിക കൈയിലുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി വെല്ലുവിളിക്കുമ്പോൾ വരുംദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.