തിരുവനന്തപുരം: സംസ്കൃതം അധ്യാപികയെ കേരള സർവകലാശാലയിൽ മലയാള മഹാനിഘണ്ടുവിഭാഗം മേധാവിയായി (എഡിറ്റർ) നിയമിച്ചത് വിവാദത്തിൽ. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും നിലവിൽ ഒാഫിസർ ഒാൺ സ്പെഷൽ ഡ്യൂട്ടിയുമായ ആർ. മോഹെൻറ ഭാര്യ ഡോ. പൂർണിമ മോഹനെ ചട്ടവിരുദ്ധമായി നിയമിച്ചതായാണ് ആരോപണം.
മലയാളഭാഷയിൽ ഉന്നത പ്രാവീണ്യവും ഗവേഷണ ബിരുദവും 10 വർഷത്തെ മലയാള അധ്യാപന പരിചയവുമാണ് മഹാനിഘണ്ടു (ലെക്സിക്കൺ) എഡിറ്ററുടെ യോഗ്യത. എന്നാൽ കാലടി സർവകലാശാലയിൽ സംസ്കൃതം അധ്യാപികയായ പൂർണിമക്ക് മലയാളഭാഷയിൽ പാണ്ഡിത്യമോ നിശ്ചയിച്ച യോഗ്യതയോ ഇല്ലെന്നും പരാതി ഉയർന്നു. രാഷ്ട്രീയ സമ്മർദങ്ങളെ തുടർന്നാണ് യോഗ്യതയില്ലാത്തയാളെ നിയമിച്ചതെന്നാണ് ആക്ഷേപം. ലെക്സിക്കൺ മേധാവിയുടെ ചുമതല വഹിച്ചിരുന്ന മലയാളം പ്രഫസറെ നീക്കിയാണ് ഡോ. പൂർണിമയെ നിയമിച്ചത്. മലയാള പണ്ഡിതരായിരുന്ന ഡോ. ശൂരനാട് കുഞ്ഞൻപിള്ള, ഡോ.ബി.സി. ബാലകൃഷ്ണൻ, ഭാഷാശാസ്ത്ര പണ്ഡിതനായ ഡോ.പി. സോമശേഖരൻ നായർ എന്നിവരുൾപ്പടെ മുതിർന്ന മലയാളം പ്രഫസർമാരെയാണ് ഇതുവരെ ലെക്സിക്കൺ എഡിറ്റർമാരായി നിയമിച്ചിട്ടുള്ളത്.
കേരള സർവകലാശാലയിലെ മുതിർന്ന മലയാളം പ്രഫസർമാരെ ഒഴിവാക്കി സംസ്കൃതം അധ്യാപികയെ മലയാള നിഘണ്ടു എഡിറ്ററുടെ ഉന്നത തസ്തികയിൽ നിയമിച്ചതിൽ മലയാളം പ്രഫസർമാർക്ക് അമർഷമുണ്ട്.
സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് പെൻഷൻ പരിഷ്കരണം പോലും സർവകലാശാല നിർത്തിെവച്ചിരിക്കുമ്പോഴാണ് പ്രതിമാസം രണ്ടുലക്ഷം രൂപയുടെ അധികചെലവിൽ നിയമനം നടത്തുന്നതെന്ന ആക്ഷേപവുമുണ്ട്. ചട്ടങ്ങൾക്ക് വിരുദ്ധമായി സംസ്കൃതം അധ്യാപികയെ മലയാള മഹാനിഘണ്ടു മേധാവിയായി നിയമിച്ച നടപടി അടിയന്തരമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
മതിയായ യോഗ്യതയുള്ളയാളെത്തന്നെയാണ് ലെക്സിക്കൺ എഡിറ്ററായി നിയമിച്ചതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻ പിള്ള. ഇൻറർവ്യൂ നടത്തി ഡെപ്യൂേട്ടഷൻ വ്യവസ്ഥയിലാണ് നിയമനം. സംസ്കൃതവ്യാകരണത്തിൽ പരിജ്ഞാനമുള്ള ഡോ. പൂർണിമയുടെ നിയമനം പദ്ധതിക്ക് ഗുണകരമാണെന്നും വി.സി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.