തിരുവനന്തപുരം: എട്ട് സർവകലാശാലകളിൽ സ്ഥിരം വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി രൂപവത്കരണത്തിന് പ്രതിനിധികളെ തേടി സർവകലാശാലകൾക്ക് ഗവർണറുടെ കത്ത്. കേരള, എം.ജി, കുസാറ്റ്, കണ്ണൂർ, മലയാളം, സാങ്കേതിക (കെ.ടി.യു), കാർഷിക, ഫിഷറീസ് സർവകലാശാല വി.സിമാർക്കാണ് കത്തയച്ചത്.
സെർച് കമ്മിറ്റി രൂപവത്കരണത്തിനുള്ള സർവകലാശാല പ്രതിനിധിയെ നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നിർദേശം. ഒരു മാസത്തിനുള്ളിൽ യോഗം വിളിച്ച് പ്രതിനിധിയെ നൽകണമെന്നും സർവകലാശാല നടപടിയെടുക്കുന്നില്ലെങ്കിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗവർണർ സ്വന്തമായി സെർച് കമ്മിറ്റി രൂപവത്കരിച്ച് വി.സി നിയമന നടപടികളുമായി മുന്നോട്ടുപോകുമെന്നുമാണ് കത്തിൽ പറയുന്നത്.
കേരള സർവകലാശാല വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി രൂപവത്കരണവുമായി ബന്ധപ്പെട്ട ഹരജിയിൽ ഹൈകോടതി മാസങ്ങൾക്കുമുമ്പ് തന്നെ ഇതേ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉത്തരവ് നൽകിയിരുന്നു. ഇതിനിടെ, കേരളയിൽ സെർച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് സെനറ്റ് യോഗം ഫെബ്രുവരി 16ന് വിളിച്ചുചേർക്കാൻ രജിസ്ട്രാർക്ക് വൈസ്ചാൻസലർ നിർദേശം നൽകി.
കോൺഗ്രസ് അനുകൂല സെനറ്റ് മെംബർമാരും, ഗവർണർ നാമനിർദേശം ചെയ്ത ബി.ജെ.പി അനുകൂല അംഗങ്ങളും കൂടിച്ചേർന്നാൽ സെനറ്റ് യോഗം ചേരാനുള്ള കോറം തികയും.
എന്നാൽ, കാലിക്കറ്റ് സർവകലാശാലയിലേതിന് സമാനമായി ബി.ജെ.പി അംഗങ്ങളെ തടയുകയാണെങ്കിൽ കോറം തികയാതെ യോഗം തടസ്സപ്പെടും. ഗവർണർ സ്വന്തം നിലക്ക് വി.സി നിയമനം നടത്തുന്നത് സെർച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകുന്നതിനെ പ്രതിരോധിക്കാനായിരിക്കും സി.പി.എം അനുകൂല അംഗങ്ങൾ ശ്രമിക്കുക.
സെർച് കമ്മിറ്റിയിലേക്കുള്ള സർവകലാശാല പ്രതിനിധികളെ തെരഞ്ഞെടുക്കാൻ കേരള, എം.ജി, കണ്ണൂർ, കാർഷിക സർവകലാശാലകളിൽ സെനറ്റിനും മറ്റ് സർവകലാശാലകളിൽ സിൻഡിക്കേറ്റിനുമാണ് അധികാരം.
സെർച് കമ്മിറ്റിയുടെ ഘടന മൂന്നിൽ നിന്ന് അഞ്ച് അംഗങ്ങളാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ നിയമസഭ പാസാക്കി അയച്ചെങ്കിലും ഗവർണർ മാസങ്ങളോളം തടഞ്ഞുവെക്കുകയും പിന്നീട്, രാഷ്ട്രപതിക്ക് റഫർ ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വി.സി നിയമന നടപടികൾ വേഗത്തിലാക്കിയുള്ള തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.