തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സജി ഗോപിനാഥിനെയും ശ്രീനാരായണഗുരു ഓപൺ സർവകലാശാലയിൽ ഡോ. പി.എം. മുബാറക് പാഷയെയും വൈസ് ചാൻസലർമാരായി നിയമിച്ച നടപടി ചട്ടവിരുദ്ധമെന്ന ഗവർണറുടെ നിലപാടിന് ബലംപകർന്ന് ഉത്തരാഖണ്ഡിലെ എസ്.എസ്.ജെ സർവകലാശാല വി.സി നിയമനത്തിനെതിരായ സുപ്രീംകോടതി വിധി.
സർവകലാശാലയുടെ പ്രഥമ വി.സിയെ നിയമിക്കുന്നതിന് യു.ജി.സി ചട്ടങ്ങൾ പാലിക്കേണ്ടതില്ല എന്നതിന്റെ അടിസ്ഥാനത്തിൽ അൽമോറയിലെ എസ്.എസ്.ജെ സർവകലാശാല വി.സിയെ മന്ത്രിസഭ നേരിട്ട് നിയമിച്ചു.
ആദ്യ വി.സി നിയമനവും യു.ജി.സി ചട്ടം പാലിച്ചാകണമെന്നാണ് കഴിഞ്ഞ ദിവസത്തെ വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയത്. സജി ഗോപിനാഥിനെ ഡിജിറ്റൽ സർവകലാശാലയുടെയും മുബാറക് പാഷയെ ഓപൺ സർവകലാശാലയുടെയും ആദ്യ വി.സിമാരായി ഗവർണർ നിയമിച്ചത് സർക്കാർ ശിപാർശയിലായിരുന്നു. നിയമസഭ പാസാക്കിയ രണ്ട് സർവകലാശാലകളുടെയും നിയമത്തിൽ ആദ്യ വി.സിമാരെ സർക്കാർ ശിപാർശയിൽ ചാൻസലറായ ഗവർണർ നിയമിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഓപൺ സർവകലാശാലയിൽ നിയമിച്ച ഡോ. മുബാറക് പാഷക്ക് പ്രഫസറായി പത്ത് വർഷത്തെ പ്രവൃത്തി പരിചയമില്ലെന്നും പി.വി.സി ഡോ. സുധീറിന് നിശ്ചിത പ്രായപരിധി കഴിഞ്ഞതാണെന്നും നിയമന സമയത്തുതന്നെ ആക്ഷേപമുയർന്നിരുന്നു. രണ്ട് വി.സിമാർക്കും ഗവർണർ കാരണംകാണിക്കൽ നോട്ടീസ് നൽകി. ആദ്യ നിയമനമായതുകൊണ്ട് യു.ജി.സി ചട്ടങ്ങൾ പാലിക്കേണ്ടതില്ലെന്ന വിശദീകരണമാണ് രണ്ട് വി.സിമാരും ഗവർണർക്ക് നൽകിയത്. തങ്ങളെ നേരിൽ കേൾക്കണമെന്നും ഇവർ ഗവർണറോട് അഭ്യർഥിച്ചിട്ടുണ്ട്. ഇവരുടെ സേവനം അവസാനിപ്പിക്കേണ്ടിവന്നാൽ പകരം ചുമതല നൽകുന്നതിന് രണ്ട് സർവകലാശാലകളിലും യോഗ്യരായ പ്രഫസർമാരില്ലാത്തതിനാൽ മറ്റ് സർവകലാശാലകളിലെ സീനിയർ പ്രഫസർമാർക്ക് വി.സിയുടെ താൽക്കാലിക ചുമതല നൽകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.