വൈസ് ചാൻസലർ നിയമനം; മുഖ്യമന്ത്രിയും ഗവർണറും ഒരുപോലെ കുറ്റക്കാർ -വി.ഡി. സതീശൻ

തിരുവനന്തപുരം: യു.ജി.സി മാനദണ്ഡങ്ങൾ ലംഘിച്ച് വൈസ് ചാൻസലർമാരെ നിയമിച്ചതിൽ മുഖ്യമന്ത്രിയും ഗവർണറും ഒരുപോലെ കുറ്റക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒമ്പത് വൈസ് ചാൻസലർമാരും രാജിവെക്കണമെന്ന പ്രതിപക്ഷ നിലപാടാണ് ഇപ്പോൾ ശരിയായി വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുഫോസ് വൈസ് ചാൻസലർ നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

കുഫോസിലെ നിയമനം അത്ഭുതപ്പെടുത്തുന്ന നിയമനമാണ്. 17 പേരിൽ നിന്ന് സൂക്ഷ്മപരിശോധന നടത്തി ഒമ്പത് പേരെ സെലക്ട് ചെയ്ത് ഒമ്പതാമത്തെ ആളുടെ പേര് മാത്രമാണ് വി.സി നിയമനത്തിന് നൽകിയത്. ഇതിന് ഏറെ പിന്നാമ്പുറ കഥകളുണ്ട്.

വൈസ് ചാൻസലർമാരിൽ കുറച്ചുപേർ അക്കാദമിക് യോഗ്യതയുള്ളവരാണ്. അവരെയൊന്നും അപമാനിക്കുക ഞങ്ങളുടെ താൽപര്യമല്ല. അവരെല്ലാം രാജിവെക്കട്ടെ. എന്നിട്ട് യു.ജി.സി നിയമങ്ങൾ അനുസരിച്ചുള്ള പ്രക്രിയയിലൂടെ തിരിച്ചുവരട്ടെ. അതിൽ വിരോധമില്ല -വി.ഡി. സതീശൻ പറഞ്ഞു.

കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) വൈസ് ചാൻസലർ ഡോ. കെ. റിജി ജോണിന്‍റെ നിയമനമാണ് ഹൈകോടതി ഇന്ന് റദ്ദാക്കിയത്. യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചല്ല നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. യു.ജി.സി ചട്ടപ്രകാരം വി.സിയെ നിയമിക്കാൻ പുതിയ സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഹൈകോടതി ഉത്തരവിടുകയും ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്.

Tags:    
News Summary - Appointment of Vice Chancellor; CM and Governor are both guilty -V.D. Satishan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.