(ഗാന്ധിയൻ വി.പി. അപ്പുക്കുട്ട പൊതുവാളിന് പത്മശ്രീ പുരസ്കാരം ലഭിച്ചപ്പോൾ പുന:പ്രസിദ്ധീകരിക്കുന്നത്)
പയ്യന്നൂരിൽ മഹാത്മാഗാന്ധിയെത്തിയ നിമിഷങ്ങൾ ഇപ്പോഴും സ്വാതന്ത്ര്യസമരസേനാനിയും ഖാദി പ്രസ്ഥാനത്തിെൻറ കേരളത്തിലെ അമരക്കാരനുമായ പി.വി. അപ്പുക്കുട്ട പൊതുവാളിെൻറ മനസിലുണ്ട്. പ്രായം നൂറിലേക്ക് കടന്നെങ്കിലും സ്വാതന്ത്ര്യത്തിനായി വിദ്യാർഥി യോഗങ്ങളിൽ പ്രസംഗിച്ച് ജയിലറപൂകിയ അതേ ഊർജം ഇന്നും ഉള്ളിലുണ്ട്. ഒരുപക്ഷെ 88 വർഷങ്ങൾക്ക് മുമ്പ് പയ്യന്നൂരിലെത്തിയ ഗാന്ധിയെ കണ്ടവരിൽ ആരും ഇന്ന് ജീവനോടെ ഉണ്ടായിരിക്കില്ല.
പയ്യന്നൂർ മിഷൻ സ്കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുേമ്പാഴാണ് ഗാന്ധി പയ്യന്നൂരിലെത്തുന്ന വാർത്തയറിയുന്നത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ക്ലാസിൽനിന്നിറങ്ങി അദ്ദേഹത്തെ കാണാനിറങ്ങി. അമ്മാവനും പയ്യന്നൂർ ഉപ്പുസത്യാഗ്രഹത്തിെൻറ മുൻനിര പോരാളിയുമായ വി.പി. ശ്രീകണ്ഠപൊതുവാൾ പറഞ്ഞ് ഗാന്ധിയെ അറിയാം. ഗാന്ധി പയ്യന്നൂരിൽ വരുന്ന കാര്യം വീട്ടിലൊക്കെ ചർച്ചയായിരുന്നു. ഇപ്പോളത്തെ പഴയ ബസ് സ്റ്റാൻറിെൻറ കിഴക്കുവശത്തെ വയലിൽ വെച്ചായിരുന്നു സമ്മേളനം. കവലകളൊക്കെ ഭംഗിയായി അലങ്കരിച്ചിരുന്നു. ഹരിജനോദ്ധാരണത്തിന് ധനസമാഹരണത്തിനായി എത്തുന്ന ഗാന്ധിയുടെ സന്ദർശനത്തിൽ ഹിന്ദുവിഭാഗത്തിലെ യാഥാസ്ഥിതരായ പ്രമാണിമാർക്ക് എതിർപ്പുണ്ടായിരുന്നു.
വീട്ടിലും സ്കൂളിലും പറയാതെയാണ് ഗാന്ധിയെ കാണാനെത്തിയത്. പിറ്റേ ദിവസം പ്രധാനാധ്യാപകൻ ബെഞ്ചമിൻ സാറുടെ കയ്യിൽനിന്നും ചൂരൽ സമ്മാനവും ലഭിച്ചു. അന്ന് സർക്കാർ പക്ഷത്ത് നിൽക്കാനെ അവർക്കാകുമായിരുന്നുള്ളൂ. 11ാം വയസിൽ ഗാന്ധിയെ കണ്ടതുമുതലാണ് അപ്പുക്കുട്ട പൊതുവാളിെൻറ ജീവിതം സ്വാതന്ത്ര്യസമരത്തിലും ഖാദിപ്രവർത്തനങ്ങളിലും ആകൃഷ്ടനാവുന്നത്. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ചു. 1957ൽ കാലടി സർവോദയ സമ്മേളനത്തിെൻറ ഓഫിസ് ചുമതലക്കാരനായി പ്രവർത്തിച്ചു. വിനോബ ഭാവേയോടും ജയപ്രകാശ് നാരായണനോടും ചേർന്ന് ഭൂദാനപദയാത്രയിൽ പങ്കെടുത്തു. 1944ൽ ചർക്കാസംഘത്തിെൻറ കേരളശാഖയിൽ ചേർന്നാണ് പ്രവർത്തനമാരംഭിച്ചത്. 1962ൽ ഖാദി ഗ്രാമോദ്യോഗ് കമീഷനിൽ ഉദ്യോഗസ്ഥനായ അപ്പുക്കുട്ട പൊതുവാൾ ഖാദി പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യ മുഴുവൻ സന്ദർശിച്ചു.
ഖാദിപ്രവർത്തനവുമായി ബന്ധപ്പെട്ട് നൂറാം വയസിലും സജീവമാണ് അദ്ദേഹം. ഭാര്യ ഭാരതിക്കൊപ്പം പയ്യന്നൂർ ‘സ്മൃതി’യിലാണ് താമസം.
1934 ജനുവരി 12 വെള്ളിയാഴ്ച കണ്ണൂരിൽനിന്ന് െട്രയിനിൽ പയ്യന്നൂരിലെത്തിയ ഗാന്ധിയെ റെയിൽവേ സ്റ്റേഷനിൽനിന്ന് സ്വീകരിച്ച് ആഘോഷമായാണ് സമ്മേളന നഗരിയിലേക്ക് ആനയിച്ചതെന്ന് അദ്ദേഹം ഓർക്കുന്നു. പയ്യന്നൂരുകാർ മുഴുവൻ ഗാന്ധിയെ കേൾക്കാനെത്തിയിരുന്നു. വൈക്കം സത്യാഗ്രഹത്തിലൊക്കെ പങ്കെടുത്ത കോൺഗ്രസ് നേതാവായ പി.വി. ചാത്തുക്കുട്ടിനായരാണ് പ്രസംഗം പരിഭാഷപ്പെടുത്തിയത്. ഉച്ചക്ക് ഒരുമണിക്ക് വെയിലിനെ വകവെക്കാതെയാണ് ഗാന്ധി സംസാരിക്കാൻ തുടങ്ങിയത്. ‘യാഥാസ്ഥികത്വം സമൂഹത്തെ പിന്നോട്ടുനയിക്കും. നാടിെൻറ അധപതനത്തിന് കാരണം അയിത്തമാണ്. നാട്ടിലെ അനൈക്യമാണ് ബ്രിട്ടന് എളുപ്പത്തിൽ ആധിപത്യം സ്ഥാപിക്കാനായത്. യഥാർഥത്തിൽ ബ്രിട്ടൻ നമ്മെ പിടിച്ചെടുത്തതല്ല, പകരം നാം ഭരണം അവരെ ഏൽപ്പിക്കുകയായിരുന്നുവെന്നും ഗാന്ധി പറഞ്ഞുനിർത്തിയപ്പോൾ നാട് സാകൂതം കേട്ടിരുന്നു. ഈശ്വരൻ സർവ്വ വ്യാപിയാണെന്നും ജാതിഭേദം മനുഷ്യൻ സൃഷ്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞപ്പോൾ പയ്യന്നൂരിന് അത് പുതിയ കാര്യമായിരുന്നു. ജാതിഭേദം സമൂഹത്തിന് കളങ്കമാണെന്നും മതത്വവുമായി ജാതിവ്യവസ്ഥക്ക് ബന്ധമില്ലെന്നും ഗാന്ധിയിലൂടെ നാട് കേട്ടു. രണ്ടാം ബർദോളിയായ പയ്യന്നൂരിനെ അനുസ്മരിച്ച ഗാന്ധി ഹരിജൻസേവാ, ഖാദി പ്രസ്ഥാന പ്രവർത്തനങ്ങളെയും അഭിനന്ദിച്ചു.
അരമണിക്കൂറോളം നീണ്ട പ്രസംഗം കഴിഞ്ഞ് ഏതാണ്ട് രണ്ടുമണിയോടെ അദ്ദേഹം വസ്ത്രവ്യാപാരിയും ഖാദിപ്രസ്ഥാനവുമായി പ്രവർത്തിക്കുന്ന ഗോപാലകൃഷ്ണ പ്രഭുവിെൻറ വീട്ടിൽ അൽപനേരം വിശ്രമിച്ചാണ് മടങ്ങിയത്. കോൺഗ്രസ് കമ്മിറ്റി യാത്രക്കായി പ്രത്യേകം കാർ തയ്യാറാക്കിയിരുന്നു. അന്ന് പയ്യന്നൂരിൽ കുതിരവണ്ടിയും കാളവണ്ടിയുമൊക്കെയേ ഉള്ളൂ. തളിപ്പറമ്പിൽ പെരുവപുഴ ചങ്ങാടം കടന്ന് തലശ്ശേരിയും മാഹിയും വടകരയും കോഴിക്കോടും സന്ദർശിച്ചാണ് അദ്ദേഹം മടങ്ങിയത്. വടകരയെത്തിയപ്പോൾ കൗമുദിയെന്ന ബാലിക ദേശീയപ്രസ്ഥാനത്തിനായി ആഭരണം ഊരിനൽകിയത് ചരിത്രം.
പയ്യന്നൂരിൽ ഗാന്ധിയുടെ വരവിന് ശേഷം യാഥാസ്ഥിതർക്കിടയിൽ വലിയൊരുമാറ്റമുണ്ടായി. ക്ഷേത്രപ്രവേശനത്തിനും അയിത്ത നിർമാർജ്ജനത്തിനും അതുനൽകിയ ഊർജം ചെറുതല്ല. ബ്രാഹ്മണൻമാരിലെ അടക്കം പുതിയ തലമുറ നവോത്ഥാനത്തിനായി മുന്നോട്ടുവന്നു. പുരോഗമന ചിന്തക്ക് ഒഴുക്കുണ്ടായി. ഇതിനെല്ലാം പിന്നിൽ ഗാന്ധിയുടെ വാക്കുകളായിരുന്നുവെന്ന് അപ്പുക്കുട്ട പൊതുവാൾ ഓർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.