തൃശൂർ: ഇടതുസർക്കാറിനെ അതിരൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപത. വിഴിഞ്ഞവും കരുതൽ മേഖലയും പിൻവാതിൽ നിയമനങ്ങളുമടക്കം വിഷയങ്ങൾ അക്കമിട്ട് നിരത്തിയാണ് സർക്കാറിനെതിരായ വിമർശനം. അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാസഭ’ യുടെ പുതുവർഷപ്പതിപ്പിലെ മുഖ ലേഖനത്തിലാണ് വിമർശനം.
ദൈവത്തിന് മഹത്വമോ മനുഷ്യർക്ക് സമാധാനമോ ഇല്ലാത്ത ഇടമായി കേരളം മാറുന്നത് കാണാതിരിക്കാനാവില്ല എന്ന ആമുഖത്തോടെയാണ് വിമർശനം തുടങ്ങുന്നത്. സർക്കാറിന്റെ വികലമായ നയങ്ങൾ ദുരിതം സമ്മാനിക്കുന്നു. മന്ത്രിമാരായും സെക്രട്ടറിമാരായും ഉപദേശകരായും നിരവധി പേരുണ്ടെങ്കിലും ജനങ്ങൾ തെരുവിലിറങ്ങാൻ നിർബന്ധിതമാകുന്ന ജനദ്രോഹ നടപടികൾ തിരിച്ചറിയാൻ കഴിയുന്നില്ലെന്നത് സർക്കാറിന്റെ ശോഭ കെടുത്തുന്നു. ജനങ്ങളെ തീ തീറ്റിക്കുന്ന നടപടികൾ ഒന്നിനുപുറകെ മറ്റൊന്നായി വരുന്നു. തലമുറകൾ അത്യധ്വാനം ചെയ്ത് സാധിച്ചെടുത്ത കിടപ്പാടവും സ്വത്തും കുടിയൊഴിഞ്ഞു പോകേണ്ടി വരുന്നവരുടെ ദുർഗതി ഭരണശീതളിമയിൽ വിയർപ്പൊഴുക്കാതെ വിഹരിക്കുകയും സമ്പാദിക്കുകയും ചെയ്യുന്നവർ മനസ്സിലാക്കാതെ പോകുമ്പോൾ സർക്കാറിന്റെ ജനക്ഷേമമുഖമല്ല തെളിയുന്നത്.
ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഡിസംബർ 24ന് എൻ.എസ്.എസ് സഹവാസ ക്യാമ്പ് തുടങ്ങാൻ നിശ്ചയിച്ചത് ഡിസംബർ 25ന് ലോകമാകെയും കേരളത്തിലെ പ്രധാന ജനവിഭാഗവും പുണ്യദിനമായി ആചരിക്കുന്നതാണെന്ന് അറിയാത്തവരാണോ? പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞത് ഭരണപക്ഷത്തെത്തിയപ്പോൾ വിഴുങ്ങിയ വിഴിഞ്ഞം തുറമുഖപദ്ധതി ഏറ്റവും വലിയ വികസന പദ്ധതിയാകുമെന്നാണ് കൊട്ടിഘോഷിക്കുന്നത്. വികസന പദ്ധതി വരുന്നതിൽ ആരും തടസ്സമില്ല.
എന്നാൽ, കഴിഞ്ഞ മൂന്നുവർഷമായി ഇതിന്റെ ഫലമായി ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ നരകയാതന അനുഭവിക്കുന്നത് കാണാൻ സർക്കാറിന് കണ്ണുണ്ടായില്ല. കെ-റെയിലും ജനങ്ങൾക്ക് തീരാദുരിതമാണ് നൽകിയത്. 31 കോടിയോളം ചെലവിട്ട പദ്ധതി മരവിച്ച നിലയിലാണ്. ജനങ്ങൾ ഏത് തരത്തിൽ വിഷമിച്ചാലും തങ്ങൾക്ക് ഒന്നുമില്ല എന്ന നിലപാട് ജനാധിപത്യ സർക്കാറിന് ഭൂഷണമല്ല. പിൻവാതിൽ നിയമനം ഭരണകക്ഷിക്ക് രാഷ്ട്രീയ സാമ്പത്തിക വളർച്ച ഉറപ്പുവരുത്തും. എന്നാൽ, അത് യോഗ്യരായവരെ ചൂഷണം ചെയ്യുന്നതും കണ്ണീരിലാഴ്ത്തുന്നതുമാണ് എന്നും വിമർശനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.