കോഴിക്കോട്: കാർ യാത്രക്കാരിയെ മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ്.ഐക്കെതിരെ കേസെടുത്തു. നടക്കാവ് എസ്.ഐ. വിനോദിനെതിരെയാണ് കേസെടുത്തത്. ബൈക്കിന് സൈഡ് കൊടുക്കാത്തതിനെ തുടർന്ന് തർക്കമുണ്ടാകുകയും കുട്ടികളും സ്ത്രീകളുമടങ്ങുന്ന കുടുംബത്തെ മർദ്ദിക്കുകയുമായിരുന്നു. വിനോദ് ഉൾപ്പെടെ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയാണ് യുവതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്.
കോഴിക്കോട് നടക്കാവ് എസ്.ഐയും സഹോദരനും ക്രൂരമായി മർദ്ദിച്ചതായിട്ടാണ് യുവതി പരാതി നൽകിയത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട് കൊളത്തൂർ ചീക്കിലോടിൽ ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്.
മൂന്ന് സ്ത്രീകളും നാല് കുട്ടികളുമുൾപെടെയുളള സംഘത്തോട് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരിൽ രണ്ട് യുവാക്കൾ തർക്കിക്കുകയായിരുന്നെന്നാണ് പരാതി. ശേഷം ഇവർ എസ്.ഐ. വിനോദിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. അസഭ്യം പറഞ്ഞ എസ്.ഐ. പിന്നീട് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നെന്നാണ് യുവതിയുടെ ആരോപണം. ബന്ധുവിന്റെ വിവാഹപാർട്ടിയുമായി ബന്ധപ്പെട്ടെത്തിയതാണ് എസ്.ഐ ഉൾപ്പെട്ട സംഘമെന്നും ഇവർ മദ്യലഹരിയിലായിരുന്നെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. ഇവർ സഞ്ചരിച്ച വാഹനം തകർക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.