സമസ്തക്കെതിരെ ഗവർണർ; മുസ്‌ലിം പുരോഹിതന്മാർ സ്ത്രീകളെ അടിച്ചമർത്താൻ ശ്രമിക്കുന്നെന്ന്

തിരുവനന്തപുരം: പെൺകുട്ടി പൊതുവേദിയിലേക്ക് വരുന്നത് വിലക്കിയ സമസ്ത നേതാവിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ക്ഷണിച്ചത് പ്രകാരം വേദിയിലെത്തി പുരസ്കാരം വാങ്ങിയ പെൺകുട്ടിയെ അധിക്ഷേപിച്ച സംഭവം അറിഞ്ഞതിൽ സങ്കടമുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഒരു മുസ്‌ലിം കുടുംബത്തിൽ ജനിച്ചതിന്റെ പേരിൽ അർഹതപ്പെട്ട അവാർഡ് വാങ്ങുന്നതിനിടയിൽ മലപ്പുറം ജില്ലയിൽ പ്രതിഭാശാലിയായ ഒരു പെൺകുട്ടി വേദിയിൽ അപമാനിക്കപ്പെട്ടുവെന്നറിയുന്നതിൽ സങ്കടമുണ്ട്. ഖുർആന്‍റെ കൽപ്പനകൾക്കും ഭരണഘടനയുടെ വ്യവസ്ഥകൾക്കും വിരുദ്ധമായി മുസ്‌ലിം പുരോഹിതന്മാർ മുസ്‌ലിം സ്ത്രീകളെ പൊതുയിടത്തിൽനിന്ന് മാറ്റുകയും അവരുടെ വ്യക്തിത്വത്തെ അടിച്ചമർത്തുകയും ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത് -ട്വീറ്റുകളിൽ ഗവർണർ കുറ്റപ്പെടുത്തി.

പത്താം ക്ലാസ് വിദ്യാർഥിനിയെ സമസ്ത നേതാവ് അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പുരസ്കാരം വാങ്ങാൻ സംഘാടകർ പെൺകുട്ടിയെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. പെൺകുട്ടി എത്തി പുരസ്കാരം സ്വീകരിക്കുകയും ചെയ്തു. എന്നാൽ, പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ചതിനെതിരെ സമസ്ത നേതാവ് അവിടെ വെച്ച് തന്നെ ക്ഷുഭിതനാകുകയായിരുന്നു. സമസ്തയുടെ തീരുമാനം നിങ്ങൾക്കറിയില്ലേ എന്ന് ചോദിച്ച നേതാവ്, രക്ഷിതാവിനോട് വരാൻ പറയൂ എന്ന് ആവശ്യപ്പെടുകയും ചെയ്തു. വീഡിയോ പുറത്തായതോടെ ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.

സമസ്ത നേതാവിനെതിരെ വിമർശനവുമായി കഴിഞ്ഞ ദിവസം എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയയും രംഗത്തെത്തിയിരുന്നു. വേദികളിൽ നിന്ന് പെൺകുട്ടികളെ മാറ്റി നിർത്തുന്നതും അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുകയെന്നാണ് ഫാത്തിമ തഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചത്.

Tags:    
News Summary - arif mohammad khan against Samastha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.