തിരുവനന്തപുരം: തിരുനെൽവേലിക്ക് സമീപം കളക്കാട്, മുണ്ടൻതുറൈ കടുവസങ്കേതത്തിൽ തമിഴ്നാട് വനംവകുപ്പ് തുറന്നുവിട്ട അരിക്കൊമ്പൻ പരിക്കിന്റെ പിടിയിലെന്ന് വിവരം.നടക്കാനുള്ള ബുദ്ധിമുട്ടും തുമ്പികൈയിലെ ആഴത്തിലെ മുറിവും അരിക്കൊമ്പനെ അലട്ടുന്നെന്നാണ് കേരള വനംവകുപ്പിന്റെ നിരീക്ഷണം. സഞ്ചാരം വളരെ കുറവാണ്. ഭക്ഷണം എടുക്കുന്നതിലും കുറവുണ്ട്. കോതയാർ ഡാമിന് സമീപം കന്യാകുമാരി വനമേഖല പരിധിയിൽതന്നെയാണ് അരിക്കൊമ്പൻ ഇപ്പോഴും.
ഇടക്ക് തടസ്സപ്പെടാറുണ്ടെങ്കിലും റേഡിയോ കോളറിൽനിന്നുള്ള സിഗ്നൽ പെരിയാർ വന്യജീവി സങ്കേതത്തിൽനിന്നും തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനത്ത് കിട്ടുന്നുണ്ട്. വനമേഖലയിലെ കനത്തമഴയും പ്രതികൂല കാലാവസ്ഥയും കാരണം തിങ്കളാഴ്ച സിഗ്നൽ കൃത്യമായി കിട്ടിയില്ല. അതേസമയം, കോതയാർ ഡാമിന് സമീപം പച്ചപ്പുല്ല് അടക്കം കിളിർത്തിട്ടുള്ളതിനാൽ ഭക്ഷണത്തിന് ബുദ്ധിമുട്ടില്ല.
തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവെച്ച് തളച്ചശേഷം എക്സ്കവേറ്റർ സഹായത്തോടെ ലോറിയിൽ കയറ്റുന്നതിനിടെ കാലിന് സംഭവിച്ച പരിക്കാണ് ആനയെ അലട്ടുന്നത്.കാട്ടാനകൾ നിരപ്പായ പ്രദേശമാണെങ്കിൽ ഒരുദിവസം 20- 40 കീലോമീറ്റർവരെ സഞ്ചിക്കും. അങ്ങനെയാണ് പെരിയാർ കടുവ സങ്കേതത്തിൽ ഏപ്രിൽ 29ന് തുറന്നുവിട്ട അരിക്കൊമ്പൻ ഒരുമാസത്തിനകം തമിഴ്നാട് കമ്പം- തേനി ഭാഗത്ത് ജനവാസമേഖലയിൽ ഇറങ്ങിയത്. ഇപ്പോൾ പഴയപോലെ സഞ്ചരിക്കാൻ കഴിയുന്നില്ല.
തുമ്പികൈയിൽ നേരത്തേയുണ്ടായിരുന്ന മുറിവ് ഉണങ്ങിയെന്ന് തമിഴ്നാട് വനംവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും അക്കാര്യത്തിലും ആശങ്കയുണ്ടെന്നാണ് കേരള വനംവകുപ്പ് പറയുന്നത്. ആരോഗ്യ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഉടനൊന്നും അരിക്കൊമ്പൻ കേരളവനമേഖലയിലേക്ക് തിരിച്ചുവരാനുള്ള സാധ്യത കുറവെന്നാണ് വനംവകുപ്പ് നിരീക്ഷണം. ആരോഗ്യം വീണ്ടെടുത്ത് കഴിഞ്ഞാൽ വീണ്ടും സഞ്ചരിച്ച് തുടങ്ങാം. അതിനാൽ അതിർത്തി മേഖലയിൽ ജാഗ്രത തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.