കണ്ണൂർ: മുസ്‍ലിം ലീഗിനെ വരിഞ്ഞുമുറുക്കിയ ഷുക്കൂർ വധക്കേസിലെ പുതിയ വെളിപ്പെടുത്തൽ ഗൂഢാലോചന നടന്നത് മുന്നണിക്കകത്തുനിന്നോ? തീർപ്പൊന്നും ഇപ്പോൾ പറയാനാവില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിതന്നെ വ്യക്തമാക്കുമ്പോഴും പാര വന്ന വഴി കണ്ണൂർ കേന്ദ്രീകരിച്ചെന്ന സംശയം ശക്തമാണ്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മുതൽ ലീഗ് നേതാവ് കെ.എം. ഷാജി വരെയുള്ള പേരുകൾ മാധ്യമങ്ങൾ ഉന്നയിച്ചെങ്കിലും ‘രാഷ്ട്രീയത്തിലെ കൊടുക്കൽ വാങ്ങലുകളിലെ ഒരു പൗരന്റെ ധാർമിക രോഷ’മാണ് പ്രകടിപ്പിച്ചതെന്നാണ് ആരോപണം ഉന്നയിച്ച അഡ്വ. ടി.പി. ഹരീന്ദ്രൻ പറയുന്നത്.
കുഞ്ഞാലിക്കുട്ടിക്കെതിരെ ടി.പി. ഹരീന്ദ്രന്റെ ആരോപണത്തിനു തൊട്ടുപിന്നാലെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നടത്തിയ പ്രതികരണത്തിൽ ലീഗിലെ ചില നേതാക്കൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. വിവാദ പ്രസ്താവന നടത്തിയയുടൻ ‘എന്തിനാണ് ആവശ്യമില്ലാതെ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ചോദിച്ച്’ സുധാകരൻ വിളിച്ചിരുന്നതായി ഹരീന്ദ്രൻ പറയുന്നു. ആർ.എസ്.എസ് ശാഖക്ക് സംരക്ഷണം കൊടുത്തെന്ന വിവാദ പ്രസ്താവനയിലും മറ്റുമായി കെ. സുധാകരനോട് ലീഗിന് ശക്തമായ വിയോജിപ്പുണ്ട്. ഇ.പി. ജയരാജന്റെ ഭാര്യക്കും മകനും മുഖ്യനിക്ഷേപമുള്ള വൈദേകം റിസോർട്ട് വിവാദം സി.പി.എമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ കുറിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതവരുടെ അഭിപ്രായമാണെന്നും അവിടെ ചോദിക്കണമെന്നുമാണ് കെ. സുധാകരൻ പ്രതികരിച്ചത്. തൊട്ടുപിന്നാലെയാണ് ഷുക്കൂർ വധക്കേസിലെ ഹരീന്ദ്രന്റെ ആരോപണം ‘ഏറെ ഗൗരവതര’മെന്നും സുധാകരൻ പറഞ്ഞത്.
ലീഗിനകത്തുനിന്നുള്ള നീക്കമാണ് അടുത്ത സംശയം. ഷുക്കൂർ വധക്കേസിൽ പി. ജയരാജനെ രക്ഷിക്കാൻ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന് ആരോപിച്ച് ടി.പി. ഹരീന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് അധികമാരും ശ്രദ്ധിച്ചിരുന്നില്ല. അടുത്തിടെ ലീഗിൽനിന്ന് അച്ചടക്ക നടപടി നേരിട്ട ഒരാളാണ് ഇക്കാര്യം പല മാധ്യമങ്ങളെയും വിളിച്ചറിയിച്ചത്. ഗൂഢാലോചന നടന്നത് പാർട്ടിക്കകത്തുനിന്നോ എന്ന സംശയം കൂടുതൽ ശക്തമാക്കുകയാണ് ഈ നടപടികൾ. ഷുക്കൂർ വധമെന്ന വൈകാരിക വിഷയം ഉന്നയിച്ച് കുഞ്ഞാലിക്കുട്ടിയെ കുടുക്കാൻ പാർട്ടിക്കകത്തുനിന്ന് നീക്കമുണ്ടായെങ്കിൽ അത് മുസ്‍ലിം ലീഗിലുണ്ടാക്കുന്ന പ്രശ്നം ചില്ലറയാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.