കണ്ണൂർ: സ്വർണക്കടത്ത് സംഘങ്ങളും കണ്ണൂരിലെ 'സൈബർ സഖാക്കളും' തമ്മിലുള്ള അടുത്ത ബന്ധം സംബന്ധിച്ച വിവരങ്ങൾ പുറത്ത്. 'സൈബർ സഖാക്ക'ളുടെ ക്വട്ടേഷൻ ഇടപാടുകൾ പരസ്യമായതോടെ അത്തരക്കാരെ തള്ളിപ്പറഞ്ഞ് സി.പി.എം രംഗത്തെത്തി. രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയ കണ്ണൂരിൽനിന്നുള്ള 'സൈബർ സഖാക്കൾ'ക്ക് നേരെയുള്ള അന്വേഷണം പാർട്ടിക്ക് കുരുക്കായി മാറിയേക്കുമെന്ന സാഹചര്യത്തിലാണ് സി.പി.എമ്മിെൻറ മുൻകരുതൽ നീക്കം.
സമൂഹമാധ്യമങ്ങളിൽ പാർട്ടിയുടെ ഉശിരുള്ള പോരാളിയാണ് അർജുൻ ആയങ്കി. മുതിർന്ന നേതാക്കളായ ജയരാജന്മാർ ഉൾപ്പെടെ അംഗങ്ങളായ പാർട്ടിയുടെ പ്രധാന വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാണ്. സ്വർണക്കടത്തിൽ അന്വേഷണം വന്നതോടെ കഴിഞ്ഞ ദിവസമാണ് ഇയാളെ പ്രസ്തുത ഗ്രൂപ്പിൽനിന്ന് പുറത്താക്കിയത്.
എന്തിനും ഏതിനും പാർട്ടിക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പോരടിക്കുന്ന ഇവർക്ക് സമൂഹമാധ്യമങ്ങളിൽ വലിയ ആരാധകക്കൂട്ടങ്ങളുമുണ്ട്. നേതാക്കളെക്കാൾ ഫോളോവേഴ്സ് ഉള്ളവരാണ് ഇവരിൽ പലരും. അങ്ങനെ കെട്ടിപ്പൊക്കിയ പാർട്ടി പോരാളി പ്രതിച്ഛായയുടെ ബലത്തിലാണ് ക്വട്ടേഷൻ ഇടപാടുകൾ. വലിയ സാമ്പത്തിക നേട്ടമാണ് അതിലൂടെ നേടിയെടുക്കുന്നത്.
സാധാരണ കുടുംബത്തിൽനിന്നുള്ള 25കാരൻ അർജുൻ ആയങ്കിക്ക് വലിയ വീട്, പുതിയ കാർ, ബുള്ളറ്റുകൾ തുടങ്ങിയവയുണ്ട്. മറ്റ് സൈബർ സഖാക്കളും നയിക്കുന്നത് ആർഭാട ജീവിതംതന്നെ. സ്വർണക്കടത്തിനും കുഴൽപ്പണ നീക്കത്തിനും അകമ്പടി സേവനം, കള്ളക്കടത്ത് സ്വർണവും കുഴൽപ്പണവും തട്ടിയെടുക്കൽ എന്നിങ്ങനെ പലതാണ് ഇവരുടെ വരുമാന മാർഗങ്ങൾ.
നഷ്ടപ്പെട്ട സ്വർണത്തിെൻറയും കുഴൽപ്പണത്തിെൻറയും യഥാർഥ ഉടമകൾക്കും സൈബർ സഖാക്കളുടെ ക്വട്ടേഷൻ സംഘത്തിനുമിടയിൽ ഒത്തുതീർപ്പിന് അവസരമൊരുക്കി വിഹിതം കൈപ്പറ്റുന്ന മറ്റൊരു വിഭാഗവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.