മേപ്പാടി: ഉരുൾപൊട്ടലിൽ പാടെ തകർന്ന മുണ്ടക്കൈയിലേക്ക് കടക്കാനായി നിർമാണം പൂർത്തിയാക്കുന്ന ബെയ്ലി പാലം ഇവിടെ നിലനിർത്തുമെന്ന് സൈന്യം. സ്ഥിരം പാലം വരുന്നത് വരെ ബെയ്ലി പാലം നിലനിർത്തുമെന്നും ഭാരവാഹനങ്ങൾക്കും പാലത്തിലൂടെ കടന്നുപോകാമെന്നും രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന കേരള ആൻഡ് കർണാടക സബ് ഏരിയ ജനറൽ ഓഫിസർ കമാൻഡിങ് (ജി.ഒ.സി) മേജർ ജനറൽ വിനോദ് ടി. മാത്യു പറഞ്ഞു. സമീപകാലത്ത് കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് വയനാട്ടിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'റോഡ് മാർഗം ബംഗളൂരുവിൽ നിന്നാണ് സാമഗ്രികൾ എത്തിച്ചത്. റെക്കോർഡ് സമയം കൊണ്ടാണ് പാലം നിർമിച്ചത്. അതിനായി രാത്രിയും പകലും കഠിനാധ്വാനം ചെയ്തു. ഇന്ന് ഉച്ചയോട് കൂടി പാലം തയാറാകും. ഇതോടെ രക്ഷാപ്രവർത്തനം രണ്ടാമത്തെ ഘട്ടത്തിലേക്ക് എത്തും. എല്ലാ വാഹനങ്ങൾക്കും ഇതിലൂടെ സഞ്ചരിക്കാൻ സാധിക്കും. 500ലധികം സൈനികർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്' -അദ്ദേഹം പറഞ്ഞു.
മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽനിന്ന് നിർമിക്കുന്ന താൽക്കാലിക പാലം (ബെയ്ലി പാലം) വ്യാഴാഴ്ച പൂർത്തിയാകുമെന്നാണ് കരുതുന്നത്. 190 അടി നീളത്തിലാണ് പാലം നിർമിക്കുന്നത്. 24 ടൺ ഭാരം വഹിക്കാൻ ശേഷിയുണ്ട്. ഇതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കാനാവും. ചൂരൽമല അങ്ങാടിയോട് ചേർന്നുള്ള കോൺക്രീറ്റ് പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയതോടെയാണ് ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ ഒറ്റപ്പെട്ടത്.
നീളം കൂടുതലായതിനാൽ പുഴക്ക് മധ്യത്തിൽ തൂൺ സ്ഥാപിച്ചാണ് സൈന്യം പാലം നിർമിക്കുന്നത്. ഡൽഹിയിൽനിന്നും ബംഗളൂരുവിൽനിന്നുമാണ് പാലം നിർമിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ എത്തിക്കുന്നത്. ഡൽഹിയിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കുന്ന സാമഗ്രികൾ വയനാട്ടിലേക്ക് ട്രക്കുകളിലാണ് കൊണ്ടുവരുന്നത്. നൂറോളം സൈനികരാണ് പാലം നിർമാണത്തിൽ പങ്കാളിയാവുന്നത്. ബംഗളൂരുവിൽനിന്ന് രക്ഷാദൗത്യത്തിന് വേണ്ട സാമഗ്രികളും ചൂരൽമലയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.