കോഴിക്കോട്: ജില്ലയിൽ സ്ത്രീകൾക്കെതിരായ വിവിധ ലൈംഗികാതിക്രമങ്ങൾക്ക് കാര്യമായ കുറവില്ല. ഈ വർഷം മാത്രം 170ഓളം ബലാത്സംഗക്കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തത്. സിറ്റി പൊലീസ് പരിധിയിൽ ഒക്ടോബർ വരെ 60 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ റൂറലിൽ സെപ്റ്റംബറിൽ വരെ മാത്രം 103 കേസുകർ രജിസ്റ്റർ ചെയ്തു. നിരവധി കേസുകളിൽ പൊലീസ് കുറ്റപത്രമടക്കം കോടതിയിൽ സമർപ്പിച്ചെങ്കിലും അന്വേഷണം മുന്നോട്ടുപോകാത്തതും അറസ്റ്റില്ലാത്തതുമായ കേസുകൾ നിരവധി. കഴിഞ്ഞവർഷം 196 ബലാത്സംഗക്കേസ് ജില്ലയിൽ റിപ്പോർട്ട് ചെയ്തതായി ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ഇക്കാലയളവിൽ 280ഓളം സ്ത്രീകൾ വിവിധ തരത്തിലുള്ള പീഡനങ്ങൾക്കും ഇരയായി. പൊതു ഇടങ്ങളായ റോഡുകൾ, പാർക്കുകൾ, ബീച്ചുകൾ, ഓഫിസുകൾ എന്നിവിടങ്ങളിലടക്കം സ്ത്രീകൾ ആക്രമിക്കപ്പെടുന്നതും കൂടി. സ്ത്രീകളെയും കോളജ് വിദ്യാർഥിനികളെയുമുൾപ്പെടെ തട്ടിക്കൊണ്ടുപോയതിന് 30ഓളം കേസുകളും ജില്ലയിൽ രജിസ്റ്റർ ചെയ്തു. ബസുകളിൽനിന്നും പൊതുസ്ഥലങ്ങളിൽനിന്നുമടക്കം വിവിധ തരത്തിലുള്ള ലൈംഗികാതിക്രമങ്ങൾക്ക് ഇരയായതിന്റെ പേരിൽ 300ലേറെ കേസുകളും വിവിധയിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭർത്താവിൽനിന്നും ഭർതൃവീട്ടുകാരിൽനിന്നുമുള്ള വിവിധ തരത്തിലുള്ള അതിക്രമവുമായി ബന്ധപ്പെട്ട് റൂറൽ പൊലീസ് പരിധിയിൽ സെപ്റ്റംബർ വരെ മാത്രം 301ഉം സിറ്റി പൊലീസ് പരിധിയിൽ ഒക്ടോബർ വരെ 226ഉം കേസുകൾ രജിസ്റ്റർ ചെയ്തു. സ്ത്രീധനത്തെ ചൊല്ലിയും മറ്റുമാണ് ഇത്തരം അതിക്രമങ്ങൾ ഏറെയെന്നാണ് പരാതികൾ വ്യക്തമാക്കുന്നത്.
സ്ത്രീസുരക്ഷക്കായി പൊലീസിന്റെയും മറ്റു വകുപ്പുകളുടെയും നേതൃത്വത്തിൽ നിരവധി പദ്ധതികൾ ആസൂത്രണംചെയ്ത് നടപ്പാക്കുമ്പോഴും അവർക്കെതിരായ അതിക്രമക്കേസുകളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നില്ല എന്നതാണ് വിചിത്രം. മുമ്പത്തേക്കാളുപരി അതിക്രമങ്ങൾ നേരിടുന്നവർ നിയമ സംവിധാനങ്ങളിലൂടെ നീതി തേടി പരാതി നൽകാൻ തയാറാകുന്നതാണ് കേസുകളുടെ എണ്ണം വർധിക്കാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.