കൊച്ചി: കഴിഞ്ഞ മാർച്ചിൽ കേരളത്തിലെ വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡിന് പിന്നാലെ മൂന്ന് മലയാളികളെ അറസ്റ്റ് ചെയ്തത് ജമ്മുകശ്മീരിൽ തീവ്രവാദ പ്രവർത്തനത്തിന് പദ്ധതിയിട്ടതിനെന്ന് എൻ.ഐ.എ. അറസ്റ്റ് ചെയ്ത് മൂന്ന് മാസത്തിന് ശേഷമാണ് എൻ.ഐ.എ ഡൽഹി യൂനിറ്റ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുന്നത്.
മാർച്ച് 15 നാണ് മലപ്പുറം കടന്നമണ്ണ സ്വദേശി മുഹമ്മദ് അമീൻ എന്ന അബൂ യഹ്യ, കണ്ണൂർ ധനലക്ഷ്മി ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന മുഷാബ് അൻവർ, കൊല്ലം ഓച്ചിറ മേമന സ്വദേശി ഡോ.റഹീസ് റഷീദ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ, കാസർകോട് ചെന്തേറ തെക്കേപുറം സ്വദേശി ഇർഷാദ് തെക്കേ കോലത്ത് എന്ന ബിലാൽ, കണ്ണൂർ തായതെരു സ്വദേശിനി ഷിഫാ ഹാരിസ്, താനെ സ്വദേശിനി മിസ്ഹ സിദ്ദീഖ്, കൊല്ലം അഞ്ചൽ കരുകോൺ സ്വദേശി രാഹുൽ മനോഹരൻ എന്ന രാഹുൽ അബ്ദുല്ല എന്നിവരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
ഇവരെ കൂടാതെ, ഇനിയും തിരിച്ചറിയാത്ത ചിലർ കൂടി കേസിലുൾപ്പെട്ടിട്ടുണ്ടെന്നാണ് എൻ.ഐ.എയുടെ ആരോപണം. മുഹമ്മദ് അമീെൻറ മേൽനോട്ടത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ടെലിഗ്രാം, ഹൂപ്, ഇൻസ്റ്റഗ്രാം എന്നിവ വഴി ഐ.എസ് അനുകൂല തീവ്ര ആശയങ്ങൾ പ്രചരിപ്പിച്ചതായും കൂടുതൽ പേരെ ഇതിലേക്ക് റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ടെന്നുമാണ് എൻ.ഐ.എയുടെ ആരോപണം. കൂടാതെ, തീവ്രവാദ പ്രവർത്തനം നടത്താനായി ഇവർ ജമ്മുകശ്മീരിലേക്ക് പോകാൻ പദ്ധതിയിട്ടെന്നും എൻ.ഐ.എ ഡൽഹി കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്.
യു.എ.പി.എയിലെ വിവിധ കുറ്റങ്ങൾക്ക് പുറമെ രാജ്യദ്രോഹ കുറ്റവുമാണ് പ്രതികൾക്കെതിരെയുള്ളത്. മാർച്ചിലെ അറസ്റ്റിന് പിന്നാലെ ഏതാനും പേരെ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് വിളിപ്പിച്ചെങ്കിലും ഇവരെ പിന്നീട് വിട്ടയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ എൻ.ഐ.എ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായവർ തീവ്രവാദ പ്രവർത്തനം നടത്തിയതിെൻറ വിശദാംശങ്ങൾ എൻ.ഐ.എയുടെ റിപ്പോർട്ടിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.