വടകര: പൊലീസ് സ്റ്റേഷൻ വളപ്പിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തി. വടകര എസ്.ഐയായിരുന്ന എം. നിജീഷ്, സിവിൽ പൊലീസ് ഓഫിസർ പ്രജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സസ്പെൻഷനിലായിരുന്ന ഇരുവർക്കും ജില്ല സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്ന് ഇരുവരും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മുമ്പാകെ ഹാജരാവുകയായിരുന്നു. ഇരുവരെയും അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ഹൃദയാഘാതം മൂലമാണ് കല്ലേരി സ്വദേശി കോലോത്ത് സജീവൻ മരിച്ചതെന്നാണ് പൊലീസുകാരുടെ വാദം. എന്നാൽ, ഇത് സ്ഥിരീകരിക്കണമെങ്കിൽ സ്റ്റേഷനിലെ സി.സി.ടി.വി പരിശോധനഫലം വരേണ്ടതുണ്ട്. സംഭവദിവസംതന്നെ സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക് കണ്ണൂരിലെ ഫോറൻസിക് ലാബിൽ പരിശോധനക്ക് അയച്ചിരുന്നു.
പരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. കേസിൽ നിർണായകമായ റിപ്പോർട്ട് പെട്ടെന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. സജീവൻ റീജനൽ ഫോറൻസിക് ലബോറട്ടറിക്ക് കത്തയച്ചിട്ടുണ്ട്. കേസിൽ കുറ്റപത്രം സമർപ്പിക്കണമെങ്കിൽ അന്വേഷണ നടപടികൾ പൂർത്തിയാക്കാൻ ശാസ്ത്രീയ തെളിവുകൾ ആവശ്യമാണ്.
മരണകാരണം ഹൃദയാഘാതമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, സജീവന്റെ ശരീരത്തിലുണ്ടായ 11 പാടുകളിൽ എട്ടെണ്ണം മരിക്കുന്നതിന്റെ 24 മണിക്കൂറിനുള്ളിൽ ഉണ്ടായതാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
ഹൃദയാഘാതത്തിലേക്കു നയിച്ചത് പൊലീസ് നടപടിയുടെ ഭാഗമായുണ്ടായ മാനസിക സംഘർഷമാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.