കൽപറ്റ: പട്ടികജാതി വിദ്യാർഥികളുടെ ഉന്നത പഠനത്തിന് സഹായം നൽകാൻ 60 കോടി രൂപകൂടി സർക്കാർ അനുവദിച്ചു. ഈ തുക വിതരണം ചെയ്യുന്നതോടെ 2023-24 അധ്യയന വർഷം അപേക്ഷിച്ച എല്ലാ വിദ്യാർഥികൾക്കും പഠനസഹായം ലഭിക്കും. പട്ടികവർഗക്കാരായ എല്ലാ വിദ്യാർഥികളുടെയും പഠന സഹായം പൂർണമായും നൽകിയതായി മന്ത്രി ഒ.ആർ. കേളു പറഞ്ഞു. 2023-24 അധ്യയന വർഷം ഇ-ഗ്രാന്റ്സ് പോർട്ടലിലൂടെ അപേക്ഷ നൽകിയവർക്കെല്ലാം അക്കൗണ്ടിലേക്ക് പണം കൈമാറി. മുൻവർഷ കുടിശ്ശിക ഉൾപ്പെടെ 270 കോടി രൂപയാണ് ഈ വർഷം വിതരണം ചെയ്തത്. പട്ടികജാതിക്കാരായ 1,34,782 വിദ്യാർഥികളാണ് ഉന്നത പഠന സഹായത്തിന് അപേക്ഷിച്ചത്.
2024-25 അധ്യയന വർഷത്തെ ഉന്നത പഠന സഹായത്തിന് അപേക്ഷ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഫെബ്രുവരി 28 വരെ ഇ-ഗ്രാന്റ്സ് പോർട്ടലിലൂടെ അപേക്ഷിക്കാം.
ഇതിനായി പട്ടികജാതി വിഭാഗത്തിൽ 303 കോടി രൂപയുടെയും പട്ടികവർഗ വിഭാഗത്തിൽ 50 കോടി രൂപയുടെയും ചെലവ് പ്രതീക്ഷിക്കുന്നു. പട്ടികവർഗ വിഭാഗത്തിൽ 14,681 വിദ്യാർഥികൾക്കാണ് 2023-24 അധ്യയന വർഷത്തെ ഉന്നത പഠന സഹായം പൂർണമായും നൽകിയത്. പബ്ലിക് ഫണ്ട് മാനേജ്മെന്റ് സിസ്റ്റം വഴിയാണ് തുക കൈമാറുന്നത്. ശരാശരി 12 ലക്ഷത്തിലേറെ പേർക്കാണ് ഓരോ വർഷവും ഉന്നത പഠന സഹായം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ അവസരങ്ങൾ വിപുലപ്പെടുത്തിയതോടെ എണ്ണം ഇനിയും ഉയർന്നേക്കും.
വരുമാന പരിധിയുടെ പേരിൽ പട്ടികജാതി കുട്ടികൾക്ക് കേന്ദ്ര സർക്കാർ നിഷേധിച്ച തുകകൂടി ബജറ്റിൽ അധികമായി വകയിരുത്തിയാണ് കേരളം പഠനാനുകൂല്യങ്ങൾ നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.