കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് തിരയുന്ന വിജയ് ബാബുവിനെതിരെ അറസ്റ്റ് വാറന്‍റ്. ഇയാൾ ദുബൈയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അവിടെ തിരച്ചിൽ നടത്തുകയാണ്. ദുബൈയിലെ വിലാസം കണ്ടെത്തിയാൽ ഉടൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
പ്രതി താമസിക്കുന്ന രാജ്യത്തോട് അയാളെ താൽക്കാലികമായി അറസ്റ്റ് ചെയ്യാനുള്ള അഭ്യർഥനയാണ് റെഡ് കോർണർ നോട്ടീസ്. ഇയാളെ നാട്ടിലെത്തിക്കാൻ സിറ്റി പൊലീസ് ഇന്‍റർപോളിന്‍റെ സഹായം തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച ബ്ലൂകോർണർ നോട്ടീസും പുറപ്പെടുവിച്ചു.
വിജയ് ബാബുവിന് സിറ്റി പൊലീസ് ഇ-മെയിലിൽ നോട്ടീസ് നല്‍കിയിരുന്നെങ്കിലും കീഴടങ്ങാന്‍ തയാറായില്ല. പകരം കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു നോട്ടീസിന് വിജയ് ബാബുവിന്റെ രേഖാമൂലമുള്ള മറുപടി.
18ന് മധ്യവേനലവധിക്കുശേഷമേ ഹൈകോടതി വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കൂ. ഹരജിയില്‍ തീരുമാനം വരാന്‍ പിന്നെയും സമയമെടുക്കുമെന്നതിനാല്‍ 19ന് വിജയ് ബാബു എത്തുമെന്ന് അന്വേഷണസംഘത്തിന് പ്രതീക്ഷയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.