ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫിസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എടത്വ കൃഷി ഓഫിസറായ 39കാരിയെയാണ് കോടതി നിർദേശപ്രകാരം തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. റിമാൻഡിലായി മാവേലിക്കര ജയിലിൽ പാർപ്പിച്ചിരുന്ന ഇവരെ വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോഴാണ് മാനസികപ്രശ്നമുണ്ടെന്നും ഗുളിക കഴിക്കുകയാണെന്നും പറഞ്ഞത്. തുടർന്നാണ് ചികിത്സക്ക് വിധേയമാക്കി നിരീക്ഷണത്തിൽ വെക്കാൻ കോടതി നിർദേശിച്ചത്. ഏതാനും ദിവസം മനോരോഗ വിദഗ്ധരുടെ നിരീക്ഷണത്തിൽ പ്രത്യേക സെല്ലിൽ പാർപ്പിക്കും. നിരീക്ഷണത്തിനുശേഷം ഡോക്ടറുടെ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.
കള്ളനോട്ട് നോട്ട് ലഭിച്ചതിന്‍റെ ഉറവിടം പൊലീസിനോട് വെളിപ്പെടുത്തിയിരുന്നില്ല. ചിലരുടെ പേരുകൾ പറഞ്ഞെങ്കിലും മൊഴികളിൽ വൈരുധ്യമുണ്ടായിരുന്നു. കഴിഞ്ഞദിവസം ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്ത വനിത ഓഫിസറെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കള്ളനോട്ടാണെന്ന് അറിഞ്ഞാണ് ഇവർ നോട്ടുകൾ കൈമാറിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഫെബ്രുവരി 25ന് ഇരുമ്പുപാലത്തിനു സമീപത്തെ വലക്കടയിലാണ് സംഭവം. ഒരാൾ വന്ന് ടാർപോളിൻ വാങ്ങിയശേഷം 500 രൂപയുടെ ഏഴ് കള്ളനോട്ട് നൽകി. ഫെഡറൽ ബാങ്ക് ശാഖയിൽ അടയ്ക്കാനെത്തിയപ്പോഴാണ് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്. ഇവരുടെ വീട്ടിലെ ജോലിക്കാരനാണ് സാധനം വാങ്ങിയശേഷം വ്യാപാരിക്ക് നോട്ടുകൾ നൽകിയതെന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. ഇയാൾക്ക് പണം നൽകിയത് കൃഷി ഓഫിസറാണെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
ഫാഷനോടും മോഡലിങ്ങിനോടും താൽപര്യമുള്ള ഇവർ ഓഫിസിൽ പലപ്പോഴും എത്തിയിരുന്നില്ല. പ്രധാന വരുമാനമാർഗവും മോഡലിങായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.