ചെങ്ങന്നൂർ: കഞ്ചാവിന്റെ ലാഭത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ബുധനൂരിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയടക്കം നാലുപേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനൂർ എണ്ണക്കാട് നെടിയത്ത് കിഴക്കേതിൽ വീട്ടിൽ സുധന്റെ മകൻ നന്ദു(22)വിനെ വാഹനത്തിൽ തട്ടിക്കൊണ്ടു പോയ കേസിലാണ് അറസ്റ്റ്. പ്രതികളുടെ കണ്ണുവെട്ടിച്ച് ഓടിയ നന്ദു അടുത്ത വീടിന്റെ ടെറസിൽ കയറി ഒളിച്ചിരുന്നാണ് രക്ഷപ്പെട്ടത്.
സംഭവത്തിൽ കായംകുളം പത്തിയൂർ എരുവ ജിജിസ് വില്ലയിൽ തക്കാളി ആഷിഖ് എന്ന് വിളിക്കുന്ന ആഷിഖ് (27), മാന്നാർ വലിയകുളങ്ങര ഗംഗോത്രി കണ്ണൻകുഴിയിൽ വീട്ടിൽ രജിത്ത് (22), ചെങ്ങന്നൂർ പാണ്ഡവൻപാറ അർച്ചന ഭവനിൽ അരുൺ വിക്രമൻ (26), മാവേലിക്കര പല്ലാരിമംഗലം തെക്കേമുറി ചാങ്കൂർ വീട്ടിൽ ഉമേഷ് (26) എന്നിവരാണ് പിടിയിലായത്. ഇതിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടാ ലിസ്റ്റിലുള്ളയാളുമാണ് തക്കാളി ആഷിഖെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി നന്ദുവിനെ കാണാനില്ലെന്ന് മാതാപിതാക്കൾ മാന്നാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നന്ദുവിനെ സ്കോർപ്പിയോ കാറിൽ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടന്നതായി പ്രദേശത്ത് നിന്ന് വിവരം ലഭിച്ചത്. തിരച്ചലിൽ പ്രതികളായവരെ ചെങ്ങന്നൂർ പാണ്ഡവൻപാറ ഭാഗത്തു നിന്നും ചെങ്ങന്നൂർ പൊലീസിന്റെ സഹായത്തോടെ മാന്നാർ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഞ്ചാവ് കച്ചവടത്തിൽ നിന്നും പ്രതിഫലമായി കിട്ടിയ പണം വീതം വെക്കുന്നതിനെ കുറിച്ചുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. നന്ദുവിനെ കാണാതാവുകയും നന്ദുവിന്റെ മൊബൈൽ ഫോൺ പുഴയുടെ തീരത്ത് നിന്ന് കിട്ടിയതും ദുരൂഹത പരത്തി. ഇതിനിടെയാണ് ശനിയാഴ്ച രാത്രി നന്ദുവിനെ സ്കോർപിയോ കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ച വിവരം പുറത്തുവന്നത്. അവരുടെ കൈയ്യിൽ നിന്ന് കുതറി ഓടിയ നന്ദു അടുത്ത വീടിന്റെ ടെറസിൽ കയറി ഒളിച്ചിരുന്ന് രക്ഷപ്പെടുകയായിരുന്നു.
കായംകുളം, ഓച്ചിറ ഉൾപ്പെടെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും രണ്ടുതവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ് തക്കാളി ആഷിഖെന്ന് പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ ജി. സുരേഷ്കുമാറിന്റെ മേൽനോട്ടത്തിൽ എസ് ഐമാരായ അഭിരാം, ജോൺ തോമസ്, ശ്രീകുമാർ, ചെങ്ങന്നൂർ എസ് ഐ അഭിലാഷ്, സിവിൽ പോലിസ് ഓഫിസർ സിദ്ദീഖുൽ അക്ബർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച സ്ക്കോർപ്പിയോ കാറും കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.