തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മലയാളികളുടെ ദുരൂഹ മരണത്തിൽ ബ്ലാക്ക് മാജിക്കിന്റെ സ്വാധീനം വ്യക്തമാക്കി കൂടുതൽ തെളിവുകൾ. മരണാനന്തര ജീവിതം വിശദീകരിച്ച് ഡോൺബോസ്കോ എന്ന പേരിൽ ഇ-മെയിൽ വിലാസം നിർമിച്ചതും സ്വന്തം മെയിലിലേക്ക് സന്ദേശങ്ങൾ അയച്ചിരുന്നതും മരിച്ച ആര്യ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡോൺബോസ്കോ ആര്യയുടെ മെയിലിലേക്ക് നിരവധി സന്ദേശം അയച്ചിട്ടുണ്ട്. തന്നോടുതന്നെ ആശയവിനിമയം നടത്തുന്ന രീതിയിലാണിത്. പത്തുവർഷമായി ഈ മെയിൽ ഐ.ഡി ഉണ്ടാക്കിയിട്ട്. മരണാനന്തര ജീവിതത്തിൽ വിശ്വസിച്ച ആര്യ ഡോൺബോസ്കോ എന്നയാൾ മറ്റൊരാളാണെന്ന് കാലക്രമേണ വിശ്വസിച്ചിരിക്കാമെന്ന് പൊലീസ് പറയുന്നു.
ഇരട്ട വ്യക്തിത്വത്തിന്റെ ഭാഗമായി മറ്റൊരാൾ അയക്കുന്നതായി മനസ്സിൽ ചിന്തിച്ച് തനിക്കുതന്നെ മെയിൽ അയച്ചിരിക്കാനും സാധ്യതയുണ്ട്. ഡയറിക്കുറിപ്പുകൾ പോലെയാണ് സന്ദേശങ്ങൾ അയച്ചിരുന്നത്. നവീനിനും ദേവിക്കും മെയിൽ ഐ.ഡിയിൽനിന്ന് സന്ദേശം പോയിരുന്നില്ല. ഏപ്രിൽ രണ്ടിനാണ് ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം സ്വദേശി നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് സ്വദേശിനി ദേവി (39), വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിയും അധ്യാപികയുമായ ആര്യ (29) എന്നിവരെ അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
നവീനാണ് ദേവിയെയും ആര്യയെയും ബ്ലാക്ക് മാജിക്കിലേക്ക് കൊണ്ടുവന്നത്. ഭൂമി വർഷങ്ങൾക്ക് ശേഷം നശിക്കുമെന്നും ബ്ലാക്ക് മാജിക്കിലൂടെയുള്ള ആഭിചാരക്രിയകൾക്ക് ശേഷം മരിച്ചാൽ മറ്റൊരു ഗ്രഹത്തിൽ ജീവിക്കാമെന്നും നവീൻ ഇരുവരെയും അറിയിച്ചു. ഇതോടെയാണ് ആഭിചാര ക്രിയകൾക്ക് കുപ്രസിദ്ധിയാർജിച്ച അരുണാചൽ പ്രദേശിലേക്ക് മൂവരും യാത്രയായത്. അതേസമയം, അന്വേഷണത്തിൽ മറ്റൊരാളുടെ സാന്നിധ്യം കണ്ടെത്താൻ കഴിയാത്തതിനാൽ കേസ് അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.