തൃശൂർ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബി.ജെ.പിയുടെ ഭീഷണിക്കെതിരെ സുധീരം പോരാടിയപ്പോൾ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ കെജ്രിവാളിനെപ്പോലെ അകത്തു പോകുമോയെന്ന് ഭയപ്പെട്ട് കഴിയുകയാണെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്‍. കെജ്രിവാൾ പോരാടിയപ്പോൾ പിണറായി കീഴടങ്ങിയിരിക്കുകയാണ്. അഴിമതിക്കേസുകളിലെ കേന്ദ്ര അന്വേഷണത്തെ പിണറായി വിജയന്‍ ഭയപ്പെടുന്നു.
സംഘികൾക്കു മുന്നിൽ കീഴടങ്ങിയ മുഖ്യമന്ത്രിയുടെ ജല്‍പനങ്ങളാണ് കോൺഗ്രസിനെതിരായ നിരന്തര വിമർശനമെന്നും മുരളീധരൻ പരിഹസിച്ചു. വയനാട്ടിൽ ഒരുലക്ഷം വോട്ടുപോലും തികച്ചുകിട്ടാത്ത കെ. സുരേന്ദ്രൻ എങ്ങനെയെങ്കിലും ജനശ്രദ്ധ നേടാനാണ് ഗണപതിവട്ടവുമായി രംഗത്തുവന്നിരിക്കുന്നതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിൽ എങ്ങനെയെങ്കിലും ഒരു ലക്ഷം വോട്ട് തികക്കാനാണ് ഗണപതിയുടെ പേരും സുൽത്താൻ ബത്തേരിയും കൂട്ടിക്കെട്ടുന്നത്. വയനാട് മണ്ഡലത്തിൽ ഒരു ലക്ഷം വോട്ട് തികയ്ക്കില്ലെന്ന് കെ. സുരേന്ദ്രന് അറിയാം.
വയനാട്ടിൽ മത്സരിക്കാൻ പോയി. വാചകക്കസർത്ത് നടത്തിയിട്ട് ആരും ശ്രദ്ധിക്കുന്നില്ല. യോഗങ്ങൾക്ക് ആളെ കിട്ടുന്നില്ല. അവസാനമാണ് എങ്ങനെങ്കിലും ജനശ്രദ്ധ നേടാൻ ഇപ്പോൾ ഗണപതിവട്ടവുമായിട്ട് ഇറങ്ങിയിരിക്കുന്നത്. ശ്രീരാമനും ഗണപതിയുമൊക്കെ വോട്ടുകിട്ടാൻ ദുരുപയോഗം ചെയ്യുകയാണ് ബി.ജെ.പി. കോൺഗ്രസുകാർ വിശ്വാസികളൊക്കെത്തന്നെയാണ്. പക്ഷെ വിശ്വാസവും രാഷ്ട്രീയവും കൂട്ടിക്കുഴക്കാറില്ല. അത് ശരിയല്ല. വിശ്വാസത്തിന്‍റെ മൊത്തക്കച്ചവടം ആരും ബി.ജെ.പിക്ക് കൊടുത്തിട്ടില്ല.
ഗണപതി ഒരു മിഥ്യയാണെന്ന് ഷംസീർ പറഞ്ഞപ്പോൾ കോണ്‍ഗ്രസ് ശക്തമായി എതിർത്തു. മതവിശ്വാസികളുടെ വികാരമാണ് ഗണപതി എന്നതിനാലാണത്. സുൽത്താൻ ബത്തേരിയുടെ പേരുമായി ഗണപതിവട്ടത്തിന് ബന്ധമില്ല. ആദ്യം തന്നെ പേര് ബത്തേരിയെന്നായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.