കെ.കെ. ശൈലജ എന്ന കമ്മ്യൂണിസ്റ്റുകാരി നൂറു ശതമാനം ഫലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണ് -കെ.കെ. ശൈലജ

കൂത്തുപറമ്പ്: ഇസ്രായേലായാലും ഫലസ്തീനായാലും ഭീകരവാദം ആര് നടത്തിയാലും അംഗീകരിക്കില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. അതിൽ ആര്‍ക്കും ഒരു സംശയവും വേണ്ട. കെ.കെ. ശൈലജ എന്ന കമ്യൂണിസ്റ്റുകാരി നൂറു ശതമാനം ഫലസ്തീന്‍ ജനതയ്ക്ക് ഒപ്പമാ​ണ് -കൂത്തുപറമ്പില്‍ സി.പി.എം സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് അവർ വ്യക്തമാക്കി.

തന്റെ ഫേസ്ബുക്ക് പോസ്റ്റ് മുഴുവന്‍ വായിക്കാതെയാണ് ‘ഹമാസ് ഭീകരര്‍’ എന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റ് പരാമര്‍ശം വിവാദമാക്കിയതെന്ന് കെ.കെ. ശൈലജ പറഞ്ഞു. പോസ്റ്റ് ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല. ആര്‍ക്ക് വേണമെങ്കിലും വായിക്കാവുന്നതാണ്. യുദ്ധത്തടവുകാരോട് കാണിക്കുന്ന ഭീകരത അംഗീകരിക്കുന്നില്ല എന്നാണ് പറഞ്ഞത്. സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരത മനുഷത്വമുള്ളവര്‍ക്ക് അംഗീകരിക്കാനാകില്ല -ശൈലജ വ്യകതമാക്കി.

നേരത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ ഹമാസിനെ ഭീകരര്‍ എന്ന് വിശേഷിപ്പിച്ചത് വിവാദമാവുകയും ശൈലജയ്‌ക്കെതിരെ പരോക്ഷവിമര്‍ശനവുമായി കെ.ടി. ജലീലും എം. സ്വരാജും അടക്കമുള്ളവർ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിന് ഫേസ്ബുക്കിലൂടെ തന്നെ ശൈലജ വിശദീകരണവും നല്‍കിയിരുന്നു. '1948 മുതല്‍ ഫലസ്തീന്‍ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകള്‍ക്ക് കാരണക്കാര്‍ ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തികളുമാണെന്നാണ് പോസ്റ്റില്‍ എഴുതിയത്. ഇടതുപക്ഷം എപ്പോഴും ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയില്‍ കയ്യേറ്റം നടത്തുന്ന ഇസ്രയേലിന്റെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ യുദ്ധതടവുകാരോടും സാധാരണജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാന്‍ കഴിയില്ല’ -എന്നാണ് ശൈലജ നേരത്തെ നല്‍കിയ വിശദീകരണം. 

Tags:    
News Summary - As a communist, i stand with Palestinian - K.K. Shailaja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.