തൊടുപുഴ: കോവിഡ് വ്യാപനവും ലോക്ഡൗൺ നിയന്ത്രണങ്ങളും സൃഷ്ടിച്ച പ്രതിസന്ധികളിൽ പിടിച്ചുനിൽക്കാനാവാതെ ഒന്നരവർഷത്തിനിടെ സംസ്ഥാനത്ത് പൂട്ടിപ്പോയത് 3500ഒാളം വ്യാപാര സ്ഥാപനങ്ങൾ. ജി.എസ്.ടി രജിസ്ട്രേഷനുള്ളവയുടെ കണക്ക് മാത്രമാണിത്. രജിസ്ട്രേഷൻ പരിധിയിൽ വരാത്തതും ഗ്രാമീണമേഖലകളിലുള്ളവയും ഉൾപ്പെടുത്തിയാൽ പ്രവർത്തനം നിലച്ചവയുടെ എണ്ണം ഇനിയും കൂടും.
പ്രതിവർഷം 40 ലക്ഷം രൂപക്ക് മുകളിൽ വിറ്റുവരവുള്ളവർക്കാണ് ജി.എസ്.ടി നിർബന്ധം. ഇൗ വിഭാഗത്തിൽ വരുന്ന ചെറുകിട വ്യാപാരികളാണ് കോവിഡ് പ്രതിസന്ധിയിൽ നെട്ടല്ലൊടിഞ്ഞ് സ്ഥാപനങ്ങൾ പൂട്ടിയത്. സ്റ്റേഷനറി, തുണിക്കടകൾ, പലവ്യഞ്ജന വിൽപനകേന്ദ്രങ്ങൾ, സ്വർണക്കടകൾ, ചെരുപ്പ് കടകൾ, ഗൃഹോപകരണ വിൽപനശാലകൾ തുടങ്ങിയവ ഇതിൽപെടും. കച്ചവടം ഇല്ലാതായതോടെ പതിനായിരത്തിലധികംപേർ തൊഴിൽ രഹിതരായതായാണ് കണക്ക്.
മാസങ്ങളോളം സ്ഥാപനം അടച്ചിടേണ്ടിവന്നപ്പോൾ സംസ്ഥാനത്തൊട്ടാകെ ടൺകണക്കിന് ഉൽപന്നങ്ങൾ ഉപയോഗശൂന്യമായി. 28 ശതമാനം വരെ ജി.എസ്.ടി അടച്ച് വാങ്ങിവെച്ച സാധനങ്ങൾ വിറ്റഴിക്കാനാവാതെ കോടികളുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. സമ്പൂർണ ലോക്ഡൗൺകാലത്ത് അടച്ചിട്ട ബേക്കറികളിലടക്കം വൻതോതിൽ ഭക്ഷ്യവസ്തുക്കൾ നശിച്ചിട്ടുണ്ട്. ബാങ്ക് വായ്പയെടുത്ത് കച്ചവടം തുടങ്ങിയവർ പലരും വീട്ടുചെലവിനുപോലും വരുമാനമില്ലാതെ കടക്കെണിയിലേക്ക് നീങ്ങിയതോടെയാണ് സ്ഥാപനം പൂട്ടാൻ നിർബന്ധിതരായത്. അടച്ചിട്ട സ്ഥാപനങ്ങൾ വീണ്ടും തുറക്കുന്നത് പിന്നെയും സാമ്പത്തികബാധ്യതയുണ്ടാക്കുമെന്നതിനാൽ ചിലർ ആ വഴിക്ക് തിരിഞ്ഞില്ല.
ജി.എസ്.ടി അടച്ച് വിൽപനക്കെത്തിച്ച ഉൽപന്നങ്ങൾ നശിച്ചുപോകുേമ്പാൾ വീണ്ടും വാങ്ങേണ്ടിവരുന്നതിനാൽ സർക്കാറിന് നികുതി വരുമാനം വർധിക്കുമെന്നല്ലാതെ തങ്ങൾക്ക് ഒരു നേട്ടവുമില്ലെന്ന് വ്യാപാരികൾ പറയുന്നു.
പതിനായിരക്കണക്കിന് കടകൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. പ്രവർത്തനമില്ലെങ്കിലും ചില വ്യാപാരികൾ തൊഴിലാളികളെ ഒഴിവാക്കാൻ കഴിയാത്തതിനാൽ ചെറിയ തോതിൽ ശമ്പളം കൊടുത്ത് നിലനിർത്തുന്നുണ്ട്. സംസ്ഥാനത്തെ ഒന്നരലക്ഷത്തിലധികം വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലാണെന്നും സർക്കാർ ഇവരുടെ പ്രശ്നങ്ങൾ പഠിച്ച് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.