കോഴിക്കോട്: നാലുവർഷം മുമ്പ് വീടുവിട്ടിറങ്ങി ദേശങ്ങൾ താണ്ടിയ ഉത്തർപ്രദേശുകാരി കുസിം ഒടുവിൽ പ്രിയതമനെ കണ്ടു. സഹോദരനൊപ്പം മായനാട് ആശാഭവനിലെ പടവുകയറിയെത്തിയ ഭർത്താവ് മുക്കട്ട് കൺമുന്നിലെത്തിയപ്പോൾ ഇവർ കൈകൂപ്പി. ഒരിക്കലും ഭർത്താവിനെ കാണില്ലെന്ന് കരുതിയ കുസിമിന് ആശാഭവനിലൂടെ തിരികെ ലഭിച്ചത് പുനർജന്മം. മൂന്നുമക്കളുടെ മാതാവ് കൂടിയായ ഇവരെ നാട്ടിലേക്ക് യാത്രയയക്കുേമ്പാൾ ആശാഭവൻ അധികൃതർക്കും തികഞ്ഞ ചാരിതാർഥ്യം.
ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലെ െധാഹരി ഗ്രാമവാസിയായ ഇവർ നാലുവർഷം മുമ്പാണ് വീടുവിട്ടിറങ്ങിയത്. ഭർത്താവുമായുണ്ടായ ചെറിയ സൗന്ദര്യപ്പിണക്കമാണ് കാരണം. കുട്ടിക്കാലത്ത് ചെറിയ മാനസികാസ്വാസ്ഥ്യം ഇവർ പ്രകടിപ്പിച്ചിരുന്നു. ഭർത്താവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ ഇവർ ചുറ്റിത്തിരിഞ്ഞ് കോഴിക്കോട്ടെത്തുകയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നും ഇവരെ പൊലീസ് ഇടപെട്ട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. അസുഖം ഭേദപ്പെട്ടതോടെ മായനാെട്ട ആശാഭവനിലേക്ക് കൊണ്ടുവന്നു. മുഴുസമയവും വിഷാദത്തോടെ കണ്ട ഇവർ ആരോടും അധികം സംസാരിച്ചില്ല. നാടും വീടുമൊക്കെ പലതും പറയും. അതിനിടെ, മൊറാദാബാദ് ജില്ലയും ധൊഹരിയും ഇവർ പറഞ്ഞു. സോഷ്യൽ വർക്കറായ ബിനു ബിനീഷ് െധാഹരി പൊലീസ് സ്റ്റേഷനുമായി ഫോണിൽ ബന്ധപ്പെട്ടു. നാലുവർഷം മുമ്പ് സ്റ്റേഷനിൽ പരാതി ലഭിച്ച കാര്യങ്ങൾ പൊലീസ് അറിയിച്ചു. പിന്നീട് വേഗത്തിലായിരുന്നു കാര്യങ്ങൾ. സഹോദരൻ റിങ്കുവും ഭർത്താവ് മുക്കട്ടും കോഴിക്കോേട്ടക്ക് തിരിച്ചു.
ഭർത്താവിനെയും സഹോദരനെയും കണ്ട ഇവർക്ക് നാട്ടിലേക്ക് പോവാനായി തിടുക്കം. മക്കളായ വിശേഷ്, നികേഷ്, റൂമി എന്നിവരെ തിരക്കി. ഏഴുമാസത്തിലേറെ കാലം ആശാഭവനിൽ കഴിഞ്ഞ 35കാരിക്ക് സബ് ജഡ്ജി ആർ.എൽ. ബൈജു, സാമൂഹിക നീതി ജില്ല ഒാഫിസർ ടി.പി. സാറാമ്മ, ഡോ. റോഷൻ ബിജ്ലി, ആശാഭവൻ സൂപ്രണ്ട് പി. പുഷ്പ, സോഷ്യൽ വർക്കർ ബിനു ബിനീഷ് തുടങ്ങിയവർ യാത്രയയപ്പ് നൽകി. മെഡിസിൻ കവർ നിർമാണത്തിൽ സഹകരിച്ച വകയിൽ 12,000രൂപയും കുസിമിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.