‘ആശ പ്രവർത്തകർക്ക് പിടിവാശി’; നടക്കുന്നത് കേന്ദ്രത്തെ സഹായിക്കുന്ന സമരമെന്നും മന്ത്രി എം.ബി രാജേഷ്

‘ആശ പ്രവർത്തകർക്ക് പിടിവാശി’; നടക്കുന്നത് കേന്ദ്രത്തെ സഹായിക്കുന്ന സമരമെന്നും മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: ആശ പ്രവർത്തകർക്ക് പിടിവാശിയാണെന്നും കേന്ദ്രസർക്കാറിനെ സഹായിക്കുന്ന സമരമാണ് നടക്കുന്നതെന്നും മന്ത്രി എം.ബി രാജേഷ്. സമരക്കാർ ശാഠ്യം പിടിച്ചതുകൊണ്ടാണ് പ്രതിപക്ഷം ആഗ്രഹിച്ചത് പോലെ സമരം തീരാതിരുന്നത്. കേരളത്തിൽ നിന്ന് വിവരം ശേഖരിക്കാതെയാണ് കേന്ദ്രം പാർലമെന്റിൽ മറുപടി നൽകിയത്. 6,000 രൂപയാണ് ഓണറേറിയം എന്നാണ് കേന്ദ്രം പാർലമെന്റിനെ അറിയിച്ചത്. ഇതിലൊക്കെ രാഷ്ട്രീയം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടിയായി പറഞ്ഞു.

സർക്കാർ മുൻകൈയെടുത്ത് പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സബ്മിഷനിൽ ആവശ്യപ്പെട്ടു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തെയും ആശമാർക്ക് കേരളത്തിലുള്ള അത്രയും ജോലിഭാരം ഇല്ല. ആശമാരോടൊപ്പമാണ് തങ്ങളെന്നും എല്ലാ ജില്ലകളിലും ഐ.എൻ.ടി.യു.സി സമരത്തിന് ഒപ്പം ഉണ്ടെന്നും സതീശന്‍ വ്യക്തമാക്കി. സമരത്തെ പരിഹസിക്കാനും പുച്ഛിക്കാനും സമരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം നോക്കാനുമാണ് മന്ത്രി ശ്രമിച്ചതെന്നും മന്ത്രി ഭാഷ മാറ്റിയെങ്കിലും സമരത്തെ തള്ളിപ്പറയുകയാണ് ചെയ്തതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ആശമാരുടെ സമരത്തെ മന്ത്രി തള്ളി പറഞ്ഞതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

സെക്രട്ടേറിയറ്റിനു മുമ്പിൽ ആശ പ്രവർത്തകരുടെ സമരം 40-ാം ദിവസത്തിലേക്ക് കടന്നു. വ്യാഴാഴ്ച മുതൽ ആശമാർ നിരാഹാര സമരത്തിലേക്ക് കടന്നിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറാകുന്നതുവരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ആശമാർ വ്യക്തമാക്കി.

അതേസമയം ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്താനെത്തിയ മന്ത്രി വീണാ ജോർജ് കൂടിക്കാഴ്ചക്ക് അനുമതി ലഭിക്കാത്തതിനാൽ ക്യൂബൻ സംഘത്തിന്റെ ആതിഥേയത്വം സ്വീകരിച്ച് തിരികെ മടങ്ങി. ബുധനാഴ്ച വൈകിട്ട് കത്തു നൽകിയിരുന്നതായും എന്നാൽ അനുമതി ലഭിച്ചില്ലെന്നുമാണ് ഇത് സംബന്ധിച്ച വിശദീകരണം. കത്ത് വൈകിയാണ് ലഭിച്ചതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ള വിവരം.

Tags:    
News Summary - 'ASHA workers are stubborn'; MB Rajesh says the ongoing strike is to help the centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.