പത്തനംതിട്ട: റാന്നിയിൽ എൽ.ഡി.എഫ് വീണ്ടും രാജു എബ്രഹാമിനെത്തെന്ന മത്സരത്തിനിറക്കുമെന്ന് സൂചന. യു.ഡി.എഫ് രാജുവിനെ തളയ്ക്കാൻ കരുത്തുള്ള സ്ഥാനാർഥിയെ തപ്പിനടക്കുകയാണ്. എൻ.ഡി.എക്ക് കാര്യമായ പ്രതീക്ഷയില്ലാത്ത മണ്ഡലമായതിനാൽ പ്രമുഖർ എത്തുമെന്ന് കരുതുന്നില്ല. റാന്നിയിൽ ആറാം ഊഴത്തിനാണ് രാജു എബ്രഹാം ഒരുങ്ങുന്നത്.
മൂന്നുതവണ മത്സരിച്ചവർ വേണ്ട എന്നതാണ് സി.പി.എം നയം. കഴിഞ്ഞ രണ്ടുതവണയും അതിൽ രാജുവിന് ഇളവ് അനുവദിച്ചിരുന്നു. വിജയിക്കുമെന്ന് ഉറപ്പുള്ളയാളെ പകരംെവക്കാൻ സി.പി.എമ്മിന് ഇല്ലാത്തതാണ് രാജുവിന് തുണയാകുന്നത്. ഇത്തവണ കേരള കോൺഗ്രസ് ജോസ് വിഭാഗം റാന്നിയിൽ അവകാശം ഉന്നയിക്കുന്നുണ്ടെങ്കിലും മണ്ഡലം വിട്ടുകൊടുക്കേണ്ടെന്നാണ് സി.പി.എം തീരുമാനം.
യു.ഡി.എഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം തിരുവല്ലയോ റാന്നിയോ വേണമെന്ന നിലപാടിലാണ്. തിരുവല്ലയാകും നൽകുകയെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. മുൻ രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യനാകും റാന്നിയിൽ യു.ഡി.എഫ് സ്ഥാനാർഥിയെന്നും അവർ സൂചിപ്പിക്കുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ കുര്യൻ മത്സരിക്കുമോ എന്ന ആശങ്കയുണ്ട്.
മുൻ എം.എൽ.എ സണ്ണി പനവേലിയുടെ ചെറുമകൻ ആറോൺ ബിജിലി പനവേലിയെവരെ പരിഗണിക്കുന്നുണ്ട്. ചാണ്ടി ഉമ്മൻ റാന്നിയിൽ നിൽക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്. മാർത്തോമ വിഭാഗത്തിൽനിന്നുള്ളയാൾക്കാണ് റാന്നിയിൽ കോൺഗ്രസ് മുൻഗണന നൽകുന്നത്. എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസിനാണ് കഴിഞ്ഞതവണ റാന്നി സീറ്റ് നൽകിയത്. ഇത്തവണയും സീറ്റ് ബി.ഡി.ജെ.എസിനാവും.
കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിൽ രാജു എബ്രഹാമിെൻറ പ്രധാന എതിരാളി കോൺഗ്രസിലെ മറിയാമ്മ ചെറിയാനായിരുന്നു. രാജു എബ്രഹാമിന് 14,596 വോട്ടിെൻറ ഭൂരിപക്ഷമാണുണ്ടായിരുന്നത്. 2019ലെ ലോക്സഭ തെരെഞ്ഞടുപ്പിൽ റാന്നി നിയമസഭ മണ്ഡലത്തിൽ 7827 വോട്ടിെൻറ ഭൂരിപക്ഷം കോൺഗ്രസിലെ ആേൻറാ ആൻറണി നേടിയിരുന്നു. അതിനാൽ മികച്ച സ്ഥാനാർഥിയെ നിർത്തിയാൽ മണ്ഡലം രാജുവിൽനിന്ന് പിടിച്ചെടുക്കാമെന്നാണ് യു.ഡി.എഫ് കണക്ക് കൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.