അങ്ങനെ അവസാന ദിനം സഭ അടിച്ചുപിരിഞ്ഞു; കാരണം സപ്ലൈകോയിലെ 13 ഇനങ്ങളുടെ വില വർധന. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട അടിയന്തരപ്രമേയ നോട്ടീസ് രംഗം വഷളാക്കുമെന്ന് തോന്നിച്ചെങ്കിലും ഇറങ്ങിപ്പോക്കിനപ്പുറം ഒന്നും സംഭവിച്ചില്ല. പിന്നാലേവന്ന വിലവർധന കോലാഹലമായി, ഭരണ-പ്രതിപക്ഷ പോരായി. വോട്ട് ഓൺ അക്കൗണ്ടും ധനവിനിയോഗ ബില്ലുമൊക്കെയായി രണ്ടുദിവസമെടുത്ത് ചർച്ച ചെയ്യേണ്ട അജണ്ടയുണ്ടായിരുന്നു അവസാന ദിനം. അതിനായി സമയം കളയേണ്ടി വന്നില്ല. ദോശചുടുന്നതുപോലെ വോട്ട് ഓൺ അക്കൗണ്ടും ധനവിനിയോഗ ബില്ലുകളുമൊക്കെ പാസാക്കി. ഒരു ചർച്ചയുമില്ല, മറുപടിയും വേണ്ടിവന്നില്ല. അവസാന ദിനം സ്തംഭിച്ചാൽ നേരത്തേ വീടുപറ്റാം. തെരഞ്ഞെടുപ്പിലേക്ക് നീങ്ങവെ പോരിന്റെ വീര്യമൊക്കെ കൂട്ടി പ്രചാരണത്തിനുമിറങ്ങാം.
ശാന്തമായാണ് തുടങ്ങിയത്. ആലപ്പുഴയിൽ യൂത്ത്കോൺഗ്രസുകാർക്ക് നേരേ ‘രക്ഷാപ്രവർത്തനം’ നടത്തിയ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ പൊലീസിൽ ഹാജരാകാത്തതിൽ അടിയന്തര പ്രമേയ നോട്ടീസ്. ഗൺമാൻമാർക്കെതിരെയെങ്കിലും പ്രതിപക്ഷ ലക്ഷ്യം മുഖ്യമന്ത്രിയെതന്നെ. അതു ഭരണപക്ഷത്തിനും നന്നായറിയാം. സ്പീക്കർക്കുമറിയാം. നോട്ടീസ് ഉന്നയിക്കാൻ പോലും അനുമതി കിട്ടിയില്ല. സംസാരിച്ച് തുടങ്ങിയെങ്കിലും പ്രതിപക്ഷ നേതാവിന്റെയും മൈക്ക് ഓഫ്. പിന്നെ നടുത്തളത്തിൽ ബഹളം, പ്രതിഷേധം. ഇറങ്ങിപ്പോക്കിൽ പ്രതിപക്ഷം അത് കോംപ്ലിമെന്സാക്കി. സഭനടക്കുമെന്ന് തോന്നിച്ചപ്പോഴാണ് വിലവർധന വരുന്നത്. സഭ സമ്മേളിക്കുമ്പോൾ അവിടെ പറയാതെ പുറത്ത് പറഞ്ഞത് ശരിയായില്ലെന്നായി വി.ഡി. സതീശൻ. പത്രവാർത്തയെക്കുറിച്ച് പ്രതികരിച്ചതല്ലാതെ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി. സബ്സിഡി സാധനങ്ങൾക്ക് വിലകൂട്ടില്ലെന്ന വാഗ്ദാനം പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചപ്പോൾ സബ്സിഡി 25ൽനിന്ന് 35 ശതമാനമായി വർധിപ്പിക്കുയാണ് ചെയ്തതെന്നായി ഭക്ഷ്യമന്ത്രി. അവാസ്തവമെന്ന് സതീശൻ. സബ്സിഡി കൂട്ടുകയാണ് ചെയ്തതെന്നാണ് മന്ത്രി പറഞ്ഞതെന്ന് സ്പീക്കറും. വീണ്ടും പ്രതിപക്ഷം നടുത്തളത്തിൽ, നേരിടാൻ ഭരണപക്ഷം. വാഗ്വാദം, വെല്ലുവിളി..
കേരളം കൊള്ളയടിച്ച പി.വി. ആൻഡ് കമ്പനി എന്ന വലിയ ബാനറുമായി പ്രതിപക്ഷം. ‘കൊള്ള കൊള്ള, മുഴുവൻ കൊള്ള.. സർക്കാറല്ലിത് കൊള്ളക്കാർ..’ പ്രതിപക്ഷം ശബ്ദമുയർത്തിക്കൊണ്ടേയിരുന്നു. അതിനിടെ ബില്ലുകളെല്ലാം ചർച്ചയില്ലാതെ പാസായി. ഉപസംഹാരത്തിനായി പ്രതിപക്ഷവും സീറ്റിലിരുന്നു. ഇനി ബജറ്റ് സമ്പൂർണമായി പാസാക്കാൻ ജൂൺ-ജൂലൈ മാസങ്ങളിൽ സഭ ചേരും. ഒരു സഭാകാലത്ത് ഏറ്റവും കൂടുതൽ അടിയന്തരപ്രമേയം ചർച്ചക്കെടുത്ത റെക്കോഡ് 15ാം കേരള നിയമസഭക്ക്, ഏഴെണ്ണം. എല്ലാവർക്കും ഈസ്റ്റർ, റമദാൻ, വിഷു ആശംസകൾ സ്പീക്കറുടെ വക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.