നിർധനരായ കുട്ടികളുടെ കരൾ ചികിത്സയ്ക്ക് കൈത്താങ്ങുമായി ആസ്റ്റർ ഹോസ്പിറ്റൽസ്

കോട്ടയം: കരൾ രോഗബാധിതരായ നി‍ർധന കുടുംബങ്ങളിലെ കുട്ടികൾക്ക് ചികിത്സ സഹായവുമായി ആസ്റ്റ‍ർ ഹോസ്പിറ്റൽസ്. നിർധനരായ കുട്ടികളുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും തുട‍ർ പരിചരണവും സൗജന്യമായും സബ്സിഡി നിരക്കിലും ചെയ്തു നൽകും. ആസ്റ്റർ മെഡ്സിറ്റി കൊച്ചി, ആസ്റ്റർ മിംസ് കോഴിക്കോട് എന്നീ ആശുപത്രികളിലായിരിക്കും ശസ്ത്രക്രിയ നടത്തുക.

ആസ്റ്റര്‍ ഡി എം ഫൗണ്ടേഷൻ, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രാൻസ്‌പ്ലാന്റേഷൻ രോഗികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്ന ആസ്റ്റർ മെഡ്സിറ്റിയുടെ ഉദ്യമമായ 'പീപ്പിൾ ഹെൽപ്പിംഗ് പീപ്പിൾ' എന്നിവയോടൊപ്പം ബോളിവുഡ് നടനും ജീവകാരുണ്യ പ്രവർത്തകനുമായ സോനു സൂദും ആസ്റ്റ‍ർ വോളന്റിയേഴ്‌സിന്റെ ഈ ഉദ്യമവുമായി സഹകരിക്കുന്നുണ്ട്. കൂടാതെ ക്രൗഡ് ഫണ്ടിംഗ് ലഭിക്കുന്നതിനാവശ്യമായ സഹായങ്ങളും, പ്രത്യേക ഇളവുകളും ലഭ്യമാക്കും.

അനുയോജ്യരായ അവയവ ദാതാക്കളുടെ ലഭ്യതക്കുറവാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വൈകുന്നതിലെ പ്രധാന കാരണം. ഭീമമായ ചികിത്സ ചിലവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാരെ വിഷമത്തിലാക്കുന്നു. ഇതു കണക്കിലെടുത്താണ് ദാതാക്കളെ കണ്ടെത്തുന്നത് മുതൽ ശസ്ത്രക്രിയക്ക് ശേഷമുള്ള പരിചരണം വരെയുള്ള ഘട്ടങ്ങളിൽ പിന്തുണയ്ക്കാൻ ലിവർ കെയർ പദ്ധതിക്ക് ആസ്റ്റ‍ർ വോളന്റിയേഴ്‌സ് രൂപം നൽകിയത്. കുട്ടികളുടെ കരൾ മാറ്റൽ ശസ്ത്രക്രിയക്ക് സഹായം ആവശ്യമുള്ള കുടുംബങ്ങൾക്ക് 8113078000, 9656000601, 7025767676 എന്നീ വാട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടാം. അപേക്ഷകരിൽ നിന്ന് ഏറ്റവും അർഹരായവർക്ക് ആസ്റ്റർ വളണ്ടിയേഴ്സ് ചികിത്സ സഹായം ഉറപ്പാക്കും.

കരൾ മാറ്റിവയ്ക്കൽ പോലുള്ള ജീവൻരക്ഷാ ചികിത്സകളുടെ ചിലവ് മൂലം നി‍ർധനരായ കുടുംബങ്ങളിലെ കുട്ടികളുടെ ജീവൻ അപകടത്തിലാകരുതെന്ന ചിന്തയാണ് ക്യാമ്പയിനിലേക്ക് ആസറ്ററിനെ നയിച്ചതെന്ന് ആസ്റ്റ‍ർ ഹോസ്പിറ്റൽസ് കേരള ക്ലസ്റ്റ‍ർ ആൻഡ് ഒമാൻ റീജണൽ ‍ഡയറക്ടർ ഫ‍ർഹാൻ യാസിൻ പറഞ്ഞു. ജീവകാരുണ്യ പ്രവ‍ർത്തനങ്ങളിൽ ഏറെ തൽപരനായ സോനു സൂദിനെ പോലെയൊരു താരം കൈക്കോ‍ർത്തത് ലിവർ കെയ‍ർ പദ്ധതി യാഥാ‍ർഥ്യമാക്കാൻ ഇരട്ടി ഊ‍ർജ്ജം നൽകി. കരൾ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിലും, കരൾ രോഗങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കാനും സോനു സൂദിന്റെ സഹകരണം ഏറെ ഗുണകരമാണെന്നും ഫ‍ർഹാൻ യാസിൻ വ്യക്തമാക്കി.

അത്യാധുനിക ചികിത്സ സൗകര്യം ഉറപ്പാക്കുന്നതോടൊപ്പം മതിയായ ചികിത്സ ലഭിക്കാതെ ആരും ദുരിതം അനുഭവിക്കരുതെന്ന ആസ്റ്ററിന്റെ സ്ഥാപിത ലക്ഷ്യത്തെ ഉയ‍ർത്തിപ്പിടിക്കുന്നതാണ് ലിവ‍ർ കെയർ പദ്ധതിയെന്ന് ഇന്റഗ്രേറ്റഡ് ലിവ‍ർ കെയർ, ഹെപ്പറ്റോ ബിലിയറി സ‍ർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മാത്യൂ ജേക്കബ് പറഞ്ഞു. കരൾ രോഗം മൂലം ഓരോ വർഷവും ശരാശരി രണ്ട് ലക്ഷം പേർക്കാണ് ഇന്ത്യയിൽ ജീവൻ നഷ്ടമാകുന്നത്. അതിൽ 10 ശതമാനവും കുട്ടികൾ. എന്നാൽ ആയിരത്തി അഞ്ഞൂറ് മുതൽ രണ്ടായിരം വരെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ മാത്രമേ രാജ്യത്ത് ഓരോ വ‍ർഷവും നടക്കുന്നുള്ളൂ എന്നതാണ് ദൗ‍ർഭാഗ്യകരമായ വസ്തുത. അനുയോജ്യരായ ദാതാക്കളുടെ ലഭ്യതക്കുറവ് പോലെ തന്നെ ഉയ‍ർന്ന ചികിത്സ ചിലവ് താങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതാണ് അതിന് കാരണം. ഈ സ്ഥിതിക്ക് മാറ്റം കൊണ്ടുവരുന്നതിനുള്ള ചുവടുവയ്പ്പാണ് ആസ്റ്റ‍ർ വോളന്റിയേഴ്‌സ് നേതൃത്വത്തിൽ നടത്തുന്നതെന്നും ഡോ. മാത്യൂ ജേക്കബ് ചൂണ്ടിക്കാട്ടി.

അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാന്റ് സെന്ററിന് ആസ്റ്റ‍ർ ഹോസ്പിറ്റൽസ് രൂപം നൽകിയിരുന്നു. കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം, കോർണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തുന്നതിൽ ഏറെ വൈദഗ്ധ്യമുള്ള സർജൻമാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരൾ മാറ്റിവയ്ക്കൽ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരൾ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരൾ രോഗ വിദഗ്ധ‍ർ, കരൾ ശസ്ത്രക്രിയാ വിദഗ്ധർ, പരിശീലനം ലഭിച്ച കോർഡിനേറ്റർമാർ, കൗൺസിലർമാർ എന്നിവർക്ക് പുറമേ ക്രിട്ടിക്കൽ കെയർ സ്‌പെഷ്യലിസ്റ്റുകൾ, അനസ്‌തെറ്റിസ്റ്റുകൾ, ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവരും മികച്ച ഒരു നഴ്‌സിങ്ങ് ടീമും ഈ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഇതിനോടകം വിജകരമായി ഇവിടെ പൂ‍ർത്തിയാക്കി കഴിഞ്ഞു.

Tags:    
News Summary - Aster Hospitals to lend a hand in treating the liver of underprivileged children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.