പാനൂരിൽ കുട്ടികൾ നിന്നത് നല്ല തണലത്ത്; കുട്ടികളുടെ ഇറക്കുന്നത് ഗുണകരമല്ലെന്ന് മുഖ്യമന്ത്രി

കൽപറ്റ: കണ്ണൂര്‍ പാനൂരില്‍ നവകേരള യാത്രക്ക് പൊരിവെയിലത്തു നിന്ന് കുട്ടികള്‍ അഭിവാദ്യം അര്‍പ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികള്‍ നിന്നത് പൊരിവെയിലത്തായിരുന്നില്ലെന്നും നല്ല തണലത്തായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ തനിക്ക് നേരെ സന്തോഷത്തോടെ കൈവീശി. താനും തിരിച്ച് കൈവീശി. എന്നാൽ, സ്‌കൂളിൽ നിന്ന് പ്രത്യേക സമയത്ത് കുട്ടികളെ ഇറക്കിനിര്‍ത്തുന്നത് ഗുണകരമായ കാര്യമല്ലെന്നും അത് ആവര്‍ത്തിക്കണമെന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പഴയങ്ങാടിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയത് ജീവന്‍രക്ഷാപ്രവര്‍ത്തനമാണെന്ന കഴിഞ്ഞ ദിവസത്തെ നിലപാട് മുഖ്യമന്ത്രി ആവർത്തിച്ചു. താന്‍ പറഞ്ഞത് അവരുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടല്‍ നടത്തിയവരെ കുറിച്ചാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആ ഇടപെടല്‍ നടത്തിയവരെ ഇപ്പോഴും ശ്ലാഘിക്കുകയാണ്. കാരണം അത് ശരിയായ രീതിയാണ്. അല്ലെങ്കില്‍ അവര്‍ ബസ് തട്ടി മരിക്കും. അത് ഇല്ലാതായി. അത് നല്ല കാര്യമാണ്. അത് എങ്ങനെയാണ് ആക്രമണത്തിനുള്ള പ്രോത്സാഹനമാവുക. ഒരാള്‍ അപകടത്തില്‍പെടുമ്പോള്‍ രക്ഷിക്കുക എന്നത് ആക്രമണത്തിനുള്ള പ്രോത്സാഹനമാണോ -മുഖ്യമന്ത്രി ചോദിച്ചു.

പ്രതിപക്ഷ നേതാവിന് നവകേരള സദസ് ജനങ്ങള്‍ ഏറ്റെടുത്തതിന്‍റെ അസഹിഷ്ണുതയാണ്. തങ്ങള്‍ ആഹ്വാനം ചെയ്താല്‍ ഉടനെ ജനങ്ങളെല്ലാംം വിട്ടുനില്‍ക്കുമെന്ന് കരുതിയവര്‍ക്ക് അതിന്റെ നിരാശമാത്രമല്ല, വല്ലാത്തൊരു മനോവിഭ്രാന്തി പിടിപ്പെട്ടത് പോലെ കാണുന്നുണ്ട്. അവരുടെ പ്രതികരണങ്ങളൊക്കെ ആ നിലക്കാണ്. നാടിന്‍റെയാകെ നന്മക്കായാണ് രാഷ്ട്രീയത്തിന് അതീതമായി ഇത്തരം പൊതുപരിപാടികള്‍ നടത്തുന്നത്. അതിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ആ ശ്രമം നടത്തിയവര്‍ക്ക് സ്വാഭാവികമായും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവരും. അങ്ങനെ വരുമ്പോഴുള്ള മനോനില നമുക്ക് ഊഹിക്കാം. അതാണ് ഇരിക്കുന്ന സ്ഥാനത്തിന്‍റെ പ്രത്യേകത മറന്നുള്ള പ്രതിപക്ഷ നേതാവിന്റെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നതെന്ന് പിണറായി വ്യക്തമാക്കി.

ഉദ്യോഗസ്ഥന്മാരെ കൊണ്ട് കള്ളപിരിവ് നടത്തുന്നു എന്നാണ് ആരോപണം. ഈ പരിപാടിയില്‍ എവിടെയാണ് കള്ളപ്പിരിവ്, എവിടെയാണ് അങ്ങനെയുള്ള പണം കാണാന്‍ കഴിയുക. ജനങ്ങള്‍ ഏറ്റെടുത്ത പരിപാടിയായി മാറിയപ്പോള്‍ അതിനുള്ള അസഹിഷ്ണുത പ്രകടിപ്പിക്കുന്നനിലയിലാണ്. ഇതില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ ആരെയെങ്കിലും വിലക്കിയോ. അസാധാരണവും അത്യപൂര്‍വുമായ ജനക്കൂട്ടം കാണുമ്പോള്‍ അതിന്റെ വിഷമമുണ്ടാകും. എം.എല്‍.എക്ക് ഇതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നതിന്റെ മനോവിഷമവും ഉണ്ടാകും. എന്തുകണക്കിന്റെ അടിസ്ഥാനത്തിലാണ് പരാതികള്‍ തീര്‍പ്പാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് കേസുമായി ബന്ധപ്പെട്ട് അതീവഗൗരവമായി അന്വേഷണം നടന്നു വരികയാണ്. രാജ്യത്തിന് ചേരാത്ത പ്രവൃത്തിയാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിയത്. അതില്‍ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചിലരെ പ്രതികളാക്കി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ തിരക്കിയിട്ടില്ല. നല്ല രീതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം പുരോഗമിക്കുമ്പോള്‍ ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യേണ്ടതായിട്ട് വരും. അന്വേഷണവുമായി സഹകരിക്കുമെന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്. അത് നല്ലകാര്യമാണ്. അന്വേഷണം കുറ്റമറ്റ രീതിയില്‍ നടക്കുമ്പോള്‍ യഥാര്‍ഥ കുറ്റവാളികള്‍ നിയമത്തിന്റെ കരങ്ങളില്‍പെടുമെന്നതില്‍ ഒരു സംശയവുമില്ലെന്നും മുഖ്യതമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - At Panur the children stood in good shade -Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.