കോഴിക്കോട്: മനസ്സിൽ കൊട്ടും കുരവയും ഉയരേണ്ട വേളയിൽ, താലികെട്ടേണ്ട മുഹൂർത്തത്തിൽ ആതിരയുടെ ചേതനയറ്റ ശരീരത്തിനുമുന്നിൽ ദുഃഖം ഉള്ളിലൊതുക്കി നിന്നു ബ്രിജേഷ്.
വെള്ളത്തുണിയിൽ അവളെ പൊതിഞ്ഞപ്പോൾ പ്രതിശ്രുത വരനായിരുന്ന ആ യുവാവ് തേങ്ങലടക്കുകയായിരുന്നു. മെഡിക്കൽ കോളജ് മോർച്ചറിക്കുമുന്നിലാണ് വെള്ളിയാഴ്ച ഉച്ചക്ക് വികാരനിർഭര രംഗങ്ങൾ അരങ്ങേറിയത്.
കൊയിലാണ്ടി സ്വദേശി ബ്രിജേഷുമായി പ്രണയത്തിലായിരുന്ന ആതിര(22)യുടെ വിവാഹം വെള്ളിയാഴ്ച പുത്തലം സാളിഗ്രാമ ക്ഷേത്രത്തിൽ നടക്കാനിരിക്കെയാണ് വ്യാഴാഴ്ച വൈകീട്ട് പിതാവ് രാജൻ മകളെ കുത്തിക്കൊന്നത്. ലാബ് ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക ജീവനക്കാരിയായി ജോലി നോക്കുന്നതിനിടെയാണ് സൈനികനായ ബ്രിജേഷുമായി ആതിര പ്രണയത്തിലായത്.
വ്യത്യസ്ത ജാതിയിൽപ്പെട്ട ഇരുവരുടെയും വിവാഹത്തിന് തടസ്സം നിന്ന പിതാവ് പൊലീസ് മധ്യസ്ഥതയിലാണ് വിവാഹത്തിന് സമ്മതിച്ചത്. എങ്കിലും അച്ഛന് ഇക്കാര്യത്തിൽ എതിർപ്പുണ്ടായിരുന്നുവെന്ന് ബ്രിജേഷ് പറഞ്ഞു. ഇതൊരു ദുരഭിമാനക്കൊല തന്നെയാണ്. അച്ഛനിൽനിന്ന് ഭീഷണിയുണ്ടായിരുന്നെന്ന് പൊലീസിനോട് ആതിര പറഞ്ഞിരുന്നുവെന്നും ബ്രിജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ആതിരയുടെ ബന്ധുക്കളും നാട്ടുകാരും ബ്രിേജഷിെൻറ ബന്ധുക്കളും സുഹൃത്തുക്കളും മെഡിക്കൽ കോളജിൽ എത്തിയിരുന്നു.
ശ്വാസകോശത്തിൽ ആഴത്തിലുള്ള കുത്തേറ്റാണ് മരിച്ചതെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിലുണ്ട്. വൈകീട്ട് മൂന്നോടെ സംസ്കാരം നടന്നു. പ്രതി രാജൻ പൊലീസ് കസ്റ്റഡിയിലാണെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.