കൂത്താട്ടുകുളം: കുടുംബത്തിന്റെ സ്വപ്നസാക്ഷാത്കാരം ബാക്കിയാക്കിയാണ് അതുൽ തമ്പിയെന്ന വിദ്യാർഥി ലോകത്തുനിന്ന് മടങ്ങിയത്. പത്താം ക്ലാസ് പഠനം പൂർത്തിയാക്കി പ്ലസ് വണ്ണിന് രാമപുരം സെന്റ് അഗസ്റ്റിൻ സ്കൂളിൽ ചേർന്ന് പഠനം ആരംഭിച്ചപ്പോഴേ അഖിലിന്റെ സ്വപ്നമായിരുന്നു എൻജീനിയറാവുകയെന്നത്. പ്ലസ് ടു പൂർത്തിയാക്കി എൻട്രൻസ് എഴുതിയെങ്കിലും എൻജിനീയറിങ് പ്രവേശനം ലഭിച്ചില്ല.
തുടർന്ന് തൊടുപുഴ മുട്ടം പോളിടെക്നിക്കിൽ ചേർന്ന് ഡിപ്ലോമ പാസായി. തുടർന്ന് തന്റെ ലക്ഷ്യത്തിലെത്താൻ മൂവാറ്റുപുഴയിലെ സർക്കാർ കരാറുകാരനൊപ്പം സൂപ്പർവൈസറായി പ്രവർത്തിച്ചു.
കഴിഞ്ഞ വർഷം വീണ്ടും പ്രവേശന പരീക്ഷയെഴുതിയാണ് കുസാറ്റിൽ സീറ്റ് നേടിയത്. ക്ലാസ് ആരംഭിച്ചശേഷം സൂപ്പർവൈസർ ജോലി അവസാനിപ്പിച്ച് എൻജിനീയറിങ്ങിന് ചേരുകയായിരുന്നു. കുസാറ്റിലെ ഹോസ്റ്റലിൽതന്നെയായിരുന്നു താമസം. വെള്ളിയാഴ്ച കൂത്താട്ടുകുളത്തെ കിഴകൊമ്പ് കൊച്ചുപാറയിൽ വീട്ടിലെത്തി തിങ്കളാഴ്ച പുലർച്ച ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്നു പതിവ്. കോളജ് ഫെസ്റ്റ് നടക്കുന്നതിനാൽ ഈയാഴ്ച വീട്ടിൽ വരില്ലന്ന് വെള്ളിയാഴ്ച വിളിച്ചുപറഞ്ഞിരുന്നു.
ഇനിയൊരിക്കലും മടിങ്ങിവരാൻ കഴിയാത്തിടത്തേക്കാണ് അതുൽ തമ്പി യാത്രയായത്. അതുലിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ നിർവികാരതയോടെയാണ് രക്ഷിതാക്കൾ വരവേറ്റത്. ബന്ധുക്കൾ ഒപ്പംനിന്നാണ് ഓരോ നിമിഷവും ഇവർക്ക് ആശ്വാസം പകർന്നത്. പഠിച്ച് ജോലി നേടി കുടുംബം പോറ്റുമെന്ന പ്രതീക്ഷയാണ് അതുലിന്റെ ജീവനൊപ്പം ഇല്ലാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.