മങ്കര വെള്ള റോഡിലെ എ.ടി.എം മെഷീൻ തകർക്കുന്ന സി.സി.ടി.വി ദൃശ്യം, പിടിയിലായ ലോകനാഥ്
പത്തിരിപ്പാല: മങ്കര വെള്ള റോഡിന് സമീപം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കൗണ്ടർ കുത്തിപ്പൊളിച്ച് മോഷണം നടത്താൻ ശ്രമിച്ചയാളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി.
ഈറോഡ് സ്വദേശി മാങ്കുറുശ്ശി മേലേ തൊടിയിൽ താമസിക്കുന്ന ലോക്നാഥനെയാണ് (51) മങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യം പരിശോധിച്ചതിനെ തുടർന്ന് ലഭിച്ച സൂചനകളാണ് പ്രതിയിലേക്കെത്തിയത്.
കമ്പിപ്പാരയും കല്ലും ഉപയോഗിച്ചാണ് എ.ടി.എം മെഷീൻ കുത്തിപ്പൊളിച്ചത്. സമീപത്തെ പ്രിൻറിങ് മെഷീനും ഭാഗികമായി തകർത്തിട്ടുണ്ട്. ഞായറാഴ്ച അർധരാത്രിയോടെയാണ് ബാങ്കിന് സമീപത്തുള്ള എ.ടി.എം കൗണ്ടറിൽ മോഷണശ്രമമുണ്ടായത്. ആദ്യം അകത്ത് പരിശോധിച്ച ശേഷം വീണ്ടും ഇയാൾ പുറത്തുപോയി. ശേഷം 1.25ന് കമ്പിപ്പാരയും കല്ലുമായി വന്നാണ് മോഷണശ്രമം.
തുടർന്ന് മണിക്കൂറോളം കുത്തിപ്പൊളിച്ച ശേഷം ശ്രമം പരാജയപ്പെട്ട് ഇയാൾ മടങ്ങുകയായിരുന്നുവത്രേ. തിങ്കളാഴ്ച രാവിലെയാണ് സംഭവം ബാങ്കിലെ ഡ്രൈവർ കൂടിയായ കുഞ്ചുണ്ണിയെ പരിസരവാസികൾ അറിയിച്ചത്.
മങ്കര എസ്.ഐ അബ്ദുൽ റഷീദ്, എ.എസ്.ഐ സോമൻ, സ്പഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ അബ്ദുൽ റഷീദ്, സുനിൽ, സി.പി.ഒമാരായ മണികണ്ഠൻ, ശിവദാസ്, ഷിബിൻ, സതീഷ് എന്നിവരുടെ നേതൃത്വത്തിൽ സി.സി.ടി.വി പരിശോധിച്ചതോടെയാണ് പ്രതിയെ പിടികൂടാൻ എളുപ്പമായത്.
7.61 ലക്ഷം എ.ടി.എമ്മിൽ നിക്ഷേപിച്ചിട്ടുണ്ടന്നും പ്രാഥമിക അന്വേഷണത്തിൽ ഒന്നും നഷ്ടമായിട്ടില്ലെന്നും അസി. മാനേജർ ഗോപിക പറഞ്ഞു. പ്രതി 17 വർഷമായി മാങ്കുറുശ്ശിയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.