കണ്ണൂർ: കല്യാശ്ശേരിയിൽ എ.ടി.എമ്മുകൾ തകർത്ത് 25 ലക്ഷം കവർന്ന കേസിലെ പ്രതികൾ ഹരിയാനയിൽ പിടിയിൽ. ഹരിയാനയിലെ മേവാത്ത് തോഡു സ്വദേശി സോജദ് (33), നോമാൻ (30), രാജസ്ഥാൻ ഭരത്പൂർ സ്വദേശി മുവീൻ (30)) എന്നിവരെയാണ് കണ്ണൂർ പൊലീസ് പിടികൂടിയത്. ഹരിയാന പൊലീസിെൻറ സഹായത്തോടെയാണ് പ്രതികളെ പിടിച്ചത്.
ഇവരിൽനിന്ന് 16 ലക്ഷം രൂപ കണ്ടെടുത്തു. ഇവർ നേരത്തെയും എ.ടി.എം കവർച്ച കേസുകളിൽ പ്രതിയാണെന്നും വിദഗ്ധ പരിശീലനം ലഭിച്ചവരാണെന്നും കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ പറഞ്ഞു.
കണ്ടെയ്നർ ഡ്രൈവറായ ന്യൂമാെൻറ നേതൃത്വത്തിലാണ് പാപ്പിനിശ്ശേരി സർവിസ് സഹകരണ ബാങ്കിെൻറ ഇരിണാവിലെ എ.ടി.എമ്മിൽ കവർച്ച നടത്തിയത്. എ.ടി.എമ്മുകളെ കുറിച്ചുള്ള വിവരം സംഘാംഗങ്ങൾക്ക് കൈമാറിയത് ഇയാളാണ്. കൃത്യത്തിൽ ഏഴുപേർ ഉൾപ്പെട്ടതായാണ് വിവരം. ഫെബ്രുവരി 21ന് രാത്രി ഒന്നിനും നാലിനും ഇടയിലാണ് എ.ടി.എമ്മുകളിൽ കവർച്ച നടന്നത്.
മൂന്നിടത്തും ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് കവർച്ച നടന്നതെന്നതിനാൽ പിന്നിൽ ഒരേസംഘമാണെന്ന പ്രാഥമിക നിഗമനത്തിലെത്തുകയായിരുന്നു. സി.സി.ടി.വി കാമറകളും മൊബൈൽഫോണുകളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ബൊലേറോ വാഹനവും കണ്ടെയ്നർ ട്രക്കും കവർച്ചയിൽ ഉൾപ്പെട്ടതായി വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ ദേശീയപാതകളിൽ പരിശോധന നടത്തിയിരുന്നു. ഇതിലൂടെ പ്രതികൾ കാസർകോട് വഴി അതിർത്തി കടന്നതായി കണ്ടെത്തി.
തുടർന്ന് ഡിവൈ.എസ്.പി പി.പി. ബാലകൃഷ്ണെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കവർച്ച സംഘത്തെ പിന്തുടർന്നു മേവാത്ത് ജില്ലയിൽ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. കണ്ണൂരിലെത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി. ബാക്കിയുള്ള പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മാങ്ങാട് വൺ ഇന്ത്യ, കല്യാശ്ശേരി എസ്.ബി.ഐ, ഇരിണാവ് കോഓപറേറ്റീവ് ബാങ്ക് എ.ടി.എമ്മുകളിലാണ് കവർച്ച നടന്നത്. സുരക്ഷ കുറവായതിനാലാണ് കേരളത്തിലെ ബാങ്ക് എ.ടി.എമ്മുകളിൽ കവർച്ച നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.