കേളകം: ആറളത്ത് നായാട്ടിനെത്തിയ സംഘം വനപാലകർക്കുനേരെ വെടിയുതിർത്തു. സംഭവത്തിൽ ഒരാളെ തോക്കുമായി പിടികൂടി. മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11ഓടെയാണ് സംഭവം. കൊട്ടിയൂർ റേഞ്ച് കീഴ്പ്പള്ളി ഫോറസ്റ്റ് സെക്ഷനിൽപെട്ട ആറളം ഫാമിനുള്ളിൽ ഓടന്തോട് ഫോറസ്റ്റ് ഓഫിസിനു സമീപത്ത് രാത്രി പട്രോളിങ് നടത്തിയ വനപാലകരാണ് രണ്ടുപേരെ കണ്ടത്. വനപാലകരെ കണ്ടതോടെ ഇവർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാൾ നാടൻ തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ലക്ഷ്യംതെറ്റിയതിനാൽ വനപാലകർക്കാർക്കും പരിക്കേറ്റില്ല.
വെടിയുതിർത്ത് ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തട്ടിവീണ പായം സ്വദേശി പരതേപതിക്കൽ ബിനോയിയെയാണ് (43) അറസ്റ്റ് ചെയ്തത്. കൂട്ടാളിയായ മണത്തണ മടപ്പുരച്ചാൽ സ്വദേശി ജോണി ഓടിരക്ഷപ്പെട്ടതായും ഇയാൾക്കെതിരെ കേസെടുത്തതായും അധികൃതർ അറിയിച്ചു.
വന്യമൃഗങ്ങളെ വേട്ടയാടിയിട്ടുണ്ടോ എന്നു വ്യക്തമല്ലെന്നും ഇവരുടെ പക്കൽനിന്ന് മൃഗങ്ങളെയോ മൃഗാവശിഷ്ടങ്ങളോ കണ്ടെത്താനായിട്ടില്ലെന്നും വനപാലകർ പറഞ്ഞു. തോക്കും തിരകളും കസ്റ്റഡിയിലെടുത്തു. ബിനോയിയെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു. റേഞ്ച് ഓഫിസർ സുധീർ നരോത്ത്, കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റർ സുരേന്ദ്രൻ, മണത്തണ സെക്ഷൻ ഫോറസ്റ്റർ മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.