കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യം കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് കൈമാറിയ വി.ഐ.പി ദിലീപിന്‍റെ അടുത്ത സുഹൃത്തും ആലുവയിലെ സൂര്യാ ഹോട്ടൽ-ട്രാവൽസ് ഉടമ ശരത്ത് ജി. നായരാണെന്ന് സൂചന. സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദസാമ്പിളുകളാണ് അന്വേഷണ സംഘത്തെ ശരത്തിലേക്ക് എത്തിച്ചതെന്നാണ വിവരം. ഈ നിർണാക വിവരം ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിക്കും.
അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ശരത് ഒളിവിലാണ്. വധഗൂഢാലോചന കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം രണ്ട് തവണ ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ ഇയാൾ ഹാജരായില്ല. ഇയാൾ ദിലീപിന്റെ ബിസിനസ് പങ്കാളിയാണെന്ന് സംശയമുണ്ട്.
ഇരുമുന്നണികളിലേയും രണ്ട് പ്രമുഖരായ നേതാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമാണുള്ളത്. വീണ്ടും ശബ്ദം ശേഖരിക്കാനായി ശ്രമിച്ചെങ്കിലും ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത മുങ്ങുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിൽ കഴിയവെ ശരത്ത് സന്ദർശിച്ചിട്ടുണ്ട്. മത്രമല്ല, യാത്രകളിൽ ഇയാളും ദിലീപിനൊപ്പം പോകാറുണ്ട്.
സാധാരണ കുടുംബത്തിലെ അംഗമായ ശരത്തിലെ വളർച്ച ആരെയും അശ്ചര്യപ്പെടുത്തും വിധമായിരുന്നു. 25ഓളം ടൂറിസ്റ്റ് ബസുകൾ ഇയാൾക്കുണ്ട്. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകൾ തന്നെയാണ് ശരത്തിലേക്ക് സംശയമുന നീളാൻകാരണം.
വധഗൂഢാലോചന കേസിലെ ആറാം പ്രതിയാണിയാണ് വി.ഐ.പി. 'വി.ഐ.പി' ഒരു മന്ത്രിയുടെ സുഹൃത്തായിരിക്കാമെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. നടിയെ ആക്രമിച്ച കേസിലെ പുതിയ അഞ്ച് സാക്ഷികൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത് കേസിന്റെ ഗതിമാറ്റിയ വിവരങ്ങളാണെന്നാണ് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പുതിയ സാക്ഷികളായി വിസ്തരിക്കണമെന്ന ആവശ്യം അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടത്. കേസിൽ വെളിപ്പെടുത്തലുകൾക്ക് തുടക്കമിട്ട സംവിധായകൻ ബാലചന്ദ്ര കുമാർ അഞ്ച് പേരിൽ ഉൾപ്പെട്ടിട്ടില്ലെ.
വധഗൂഢാലോചന കേസിലെ വി.ഐ.പിയെന്ന് അന്വേഷണ സംഘം സംശയിക്കുന്ന ആലുവ സ്വദേശിയും സൂര്യാ ഹോട്ടൽ-ട്രാവൽസ് ഉടമയുമായ ശരത് ജി. നായരുടെയും ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെയും വീട്ടിലും ക്രൈംബ്രാഞ്ച് മിന്നൽ പരിശോധന. ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ നായരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച അഞ്ച് മണിക്കൂറിലധികമാണ് പരിശോധന നടത്തി. റെയ്ഡിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
ആലുവ പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റൂട്ടിൽ തോട്ടുംമുഖത്ത് സമീപം കല്ലുങ്കൽ ലൈനിലെ ശരത്തിന്റെ വീട്ടിൽ തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയാണ് പരിശോധന ആരംഭിച്ചത്. റെയ്ഡ് നടക്കുമ്പോൾ ശരത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. രണ്ട് ദിവസമായി ശരത്തിന്റെ വീട് പൊലീസ് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ബലാചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ ശരത്ത് അങ്കിൽ എന്ന പരാമർശമുണ്ടായിരുന്നു. ഇത് ശരത്താണെന്നാണ് കരുതുന്നത്.
രാത്രിയോടെയാണ് സുരാജിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയത്. ചൊവ്വാഴ്ച ദിലീപിന്റെയും സൂരജിന്റെയും ശരത്തിന്റെയടക്കം മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ചിന്റെ മിന്നൽ റെയ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.