കോഴിക്കോട്: മെഡിക്കൽ കോളജിൽ സുരക്ഷ ജീവനക്കാരെയും മാധ്യമ പ്രവർത്തകനെയും ജില്ല ജോ. സെക്രട്ടറിയുടെ നേതൃത്വത്തിൽ ആക്രമിച്ച സംഭവത്തിൽ മൗനം പാലിച്ച് ഡി.വൈ.എഫ്.ഐ ജില്ല നേതൃത്വം. ജില്ല ജോ. സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമായ കെ. അരുണിന്‍റെ നേതൃത്വത്തിലായിരുന്നു ബുധനാഴ്ച പട്ടാപ്പകൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്ന് സുരക്ഷ ജീവനക്കാരെയും സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെയും ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ സുരക്ഷ ജീവനക്കാരിലൊരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
വിവിധ രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ സംഘടനകളടക്കം ആക്രമണത്തിനെതിരെ രംഗത്തുവന്നിട്ടും ഡി.വൈ.എഫ്.ഐ ജില്ല നേതൃത്വം വിഷയത്തിൽ മൗനം പാലിക്കുന്നത് അണികൾക്കിടയിലും മുറുമുറുപ്പുണ്ടാക്കുന്നുണ്ട്. ഡി.വൈ.എഫ്.ഐ പ്രവർത്തകർ വീടുകളിൽനിന്ന് സമാഹരിക്കുന്ന പൊതിച്ചോറ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമടക്കം എത്തിച്ചുനൽകി മാതൃക പ്രവർത്തനം നടത്തുന്നതിനിടെയാണ് സംസ്ഥാന നേതാവ് എന്ന ഉത്തരവാദിത്തം പോലുംമറന്ന് ക്വട്ടേഷൻ സംഘത്തെപ്പോലെ ആക്രമണം നടത്തിയത് എന്നാണ് ഉയരുന്ന വിമർശനം.
കെ. അരുണിനെ സംഘടനയുടെ ഭാരവാഹിത്വത്തിൽനിന്ന് മാറ്റിനിർത്തണമെന്ന ആവശ്യവുമുയരുന്നുണ്ട്.
നേതാവിനെയും ഭാര്യയെയും ആശുപത്രിക്കുള്ളിലേക്ക് കടത്തിവിടാത്തതിലുള്ള വിരോധം വെച്ചാണ് 16 പേരടങ്ങുന്ന സംഘം വന്ന് ആക്രമണം നടത്തിയത്. സുരക്ഷ ജീവനക്കാരെ ചവിട്ടിവീഴ്ത്തി ക്രൂരമായി മാർദിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഡി.വൈ.എഫ്.ഐ നേതാവാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമായത്.
ഇതോടെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് കാട്ടി ആക്രമികൾ സുരക്ഷജീവനക്കാർക്കെതിരെ പരാതി നൽകി. നേതാവ് ആശുപത്രിയിൽ ആദ്യം എത്തിയപ്പോൾ സുരക്ഷ ജീവനക്കാരോട് തർക്കിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നതോടെ സത്യാവസ്ഥ എല്ലാവർക്കും ബോധ്യമായെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നു.
ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് വി. വസീഫിന്‍റെ ജില്ലയിലാണ് സംഭവമെങ്കിലും ആക്രമണം ശ്രദ്ധയിൽപെട്ടിട്ടും ഇദ്ദേഹവും മൗനം പാലിക്കുകയാണ്. ഇടതുപക്ഷത്തെ വിവിധ കക്ഷികൾ ആക്രമണത്തെ അപലപിക്കുകയും പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തുവരുകയും ചെയ്തിട്ടും സി.പി.എം ജില്ല നേതൃത്വവും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.