തിരുവനന്തപുരം: അട്ടപ്പാടിയിൽ 2730 ഏക്കർ ആദിവാസിഭൂമി സ്വകാര്യസ്ഥാപനത്തിന് 25 വർഷത്തെ പാട്ടത്തിന് നൽകിയതിനെ വെള്ളപൂശി പാലക്കാട് കലക്ടറുടെ റിപ്പോർട്ട്. കരാർ നിയമവിരുദ്ധമല്ലെന്നും സൊസൈറ്റിയുടെ വികസനത്തിനും ആദിവാസികളുടെ ക്ഷേമത്തിനുമാണ് ആദിവാസിഭൂമി പാട്ടത്തിന് നൽകിയതെന്നും റിപ്പോർട്ട് പറയുന്നു. 'മാധ്യമം' വാർത്തയെത്തുടർന്നാണ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഫാമിങ് സൊസൈറ്റി പ്രസിഡൻറായ കലക്ടറോട് റിപ്പോർട്ട് തേടിയത്.
റവന്യൂമന്ത്രിയുടെ കത്ത് കലക്ടർ ഒറ്റപ്പാലം ഡെപ്യൂട്ടി കലക്ടർക്ക് (ഭൂ പതിവ്) കൈമാറി. ഡെപ്യൂട്ടി കലക്ടർ അന്വേഷണം നടത്താതെ സൊസൈറ്റി സെക്രട്ടറി പട്ടികവർഗ ഡയറക്ടറേറ്റിന് നൽകിയ റിപ്പോർട്ട് വള്ളിപുള്ളി തെറ്റാതെ പകർത്തി വിലാസം മാറ്റി കലക്ടറുടെ പേരിൽ റവന്യൂമന്ത്രിക്ക് നൽകുകയായിരുന്നു.
ഇതോടെ റവന്യൂമന്ത്രി തുടർനടപടികളും അന്വേഷണവും അവസാനിപ്പിച്ചു. പശ്ചിമഘട്ടവികസനപദ്ധതിയുടെ ഭാഗമായി 420 ആദിവാസികുടുംബങ്ങളുടെ പുനരധിവാസത്തിന് നൽകിയ നിക്ഷിപ്ത വനഭൂമി കൈമാറ്റം ചെയ്യാനോ പാട്ടക്കരാർ നൽകാനോ സൊസൈറ്റി അധികൃതർക്ക് അധികാരമില്ലെന്ന കാര്യം റിപ്പോർട്ട് സൂചിപ്പിച്ചിട്ടില്ല.
പട്ടികവർഗവകുപ്പ് ജില്ല ഓഫിസർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സൊസൈറ്റി സെക്രട്ടറി. അദ്ദേഹവും ഐ.ടി.ഡി.പി ഓഫിസറും ചേർന്നാണ് ആദിവാസിഭൂമി സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിന് നൽകാൻ നിയമവിരുദ്ധ കരാർ ഉറപ്പിച്ചത്. കരാർ തയാറാക്കിയവർതന്നെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുന്ന തട്ടിപ്പാണ് അരങ്ങേറിയത്. ആദിവാസിഭൂമി പാട്ടത്തിനുനൽകാൻ ഭരണസമിതിക്ക് അധികാരമുണ്ടെന്നാണ് കലക്ടറുടെയും സൊസൈറ്റി സെക്രട്ടറിയുടെയും നിലപാട്. ഫാമിങ് സൊസൈറ്റി വികസനത്തിന് തുരങ്കംവെക്കുന്നതിനും സ്ഥാപിത താൽപര്യങ്ങൾക്കുമായി ചിലർ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതായി സംഘം സെക്രട്ടറിയെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
സമൂഹമാധ്യമങ്ങളിൽ വസ്തുതാവിരുദ്ധമായ വാർത്തകൾ നൽകിയതിന് ഐ.ടി നിയമപ്രകാരം നടപടി സ്വീകരിക്കാൻ ജില്ല പൊലീസ് മേധാവിക്ക് സബ് കലകട്ർ പരാതി നൽകിയതായും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഫാമിലെ അംഗങ്ങളായ 50 ആദിവാസികൾ നൽകിയ ഹരജിയിൽ ഹൈകോടതി കരാർ സ്റ്റേ ചെയ്ത വിവരം റിപ്പോർട്ടിൽ പറയുന്നില്ല. മന്ത്രിമാരായ എ.കെ. ബാലനും ഇ. ചന്ദ്രശേഖരനും പാട്ടക്കരാറിന് ഒത്താശചെയ്യുന്നെന്നാണ് ആദിവാസികളുടെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.