അട്ടപ്പാടി ഭൂമി കൈയേറ്റം: ആദിവാസികൾക്കെതിരെ ഭൂമാഫിയയുടെ വധഭീഷണി

കോഴിക്കോട് : അട്ടപ്പാടിയിലെ ഭൂമി കൈയേറ്റത്തെ എതിർത്ത ആദിവാസികൾക്കെതിരെ ഭൂ മാഫിയയുടെ വധഭീഷണി. കോട്ടത്തറ വില്ലേജിലെ ഭൂമി കൈയേറ്റത്തിനെതിരെ ആദിവാസികൾ കലക്ടർക്കും പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടിനും പരാതി നൽകി.

മരപ്പാലം ഊരിലെ നഞ്ചി, കാളിയമ്മ, വെള്ളിങ്കിരി, പഴനി സ്വാമി എന്നിവരാണ് പരാതി നൽകിയത്. പട്ടാമ്പിക്കാരനായ വിനോദും ഒറ്റപ്പാലം സ്വദേശി രാമൻകുട്ടി വാര്യരുമാണ് ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു.




 

ഷോളയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ആദിവാസികളുടെ പാരമ്പര്യ സ്വത്തായ ഭൂമിയിൽ ഉണ്ടായിരുന്ന കുടിലുകൾ ഉൾപ്പെടെ മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് ഇടിച്ചു നിരത്തി. ഈമാസം 23, 24 തീയതികളിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെയും ചില പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും സഹായത്തോടുകൂടി ആസൂത്രിതമായ കൈയേറ്റം നടന്നത്. ഒറ്റപ്പാലം സ്വദേശിയായ രാമവാര്യരും കണ്ടാലാറിയുന്ന അഞ്ചിലധികം പേരുമാണ് ഈ കൈയേറ്റത്തിന് നേതൃത്വം കൊടുത്തത്.

ഈ ഭൂമിയിൽ കൃഷി ചെയ്യുന്നതിന്റെ ഭാഗമായി കഴിഞ്ഞ 14ന് ട്രാക്ടർ ഉപയോഗിച്ച് ആദിവാസികൾ നിലം ഉഴുത് ഒരുക്കം നടത്തിയുന്നു. കോട്ടത്തറ വില്ലേജിലെ (സർവേ 523/2 നമ്പരിൽപ്പെട്ട) 2.5 ഹെക്ടർ ഭൂമി കുള്ളന്റെ മക്കളായ ബധിരൻ, നഞ്ചൻ എന്നിവരുടേതാണ്. ആദിവാസി കുടുംബം ഈ ഭൂമിയിൽ കൊത്തുകാട് കൃഷി ചെയ്താണ് അതിജീവനം നടത്തിപ്പോന്നത്. നിലവിൽ കൃഷി സൗകര്യമില്ലാത്തതിനാൽ തരിശായികിടന്നു.

ഭൂമി കൈയേറിയവർ നേരത്തെ മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ 14ന് കേസ് ഫയൽ ചെയ്ത് 18ന് താൽക്കാലിക ഇൻജക്ഷൻ ഉത്തരവ് വാങ്ങി. അത് പ്രകാരം ശിവാൾ കാവുണ്ടിക്കൽ എന്ന ഉദ്യോഗസ്ഥ മരപ്പാലം ഊരിലെത്തി ആദിവാസികൾ ഈ ഭൂമിയിൽ ക‍യറുന്നതിന് കോടതി നിരോധനമുണ്ടെന്ന് അറിയിച്ചിരുന്നു.

23ന് (ശനിയാഴ്ച) ബുൾഡോസറുമായി ഭൂമിയിൽ അതിക്രമിച്ചു കയറി സ്ഥലം ഇടിച്ചു നിരപ്പാക്കി പണി തുടങ്ങി. ഊരിലെ ആദിവാസികൾ ബുൾഡോസർ തടഞ്ഞപ്പോൾ കൈയേറ്റക്കാർ ഷോളിയൂർ പൊലീസ് സ്റ്റേഷനിൽനിന്ന് മൂന്നു പൊലീസുകാരുമായി മടങ്ങി വന്നു. ബുൾഡോസർ ഉപയോഗിച്ചുള്ള പണി തടയരുതെന്ന് പൊലീസ് ആദിവാസികളെ താക്കീത് ചെയ്തു.




 

മണ്ണാർക്കാട് കോടതിയുടെ ഇൻജക്ഷൻ ഉത്തരവ് കൈയേറ്റക്കാർക്ക് അനുകൂലമാണെന്നും അതിനാൽ ആദിവാസികളെല്ലാം ഭൂമിയിൽനിന്ന് പുറത്തേക്ക് പോകണം എന്നുമായിരുന്നു പൊലീസിന്റെ നിർദേശം. സ്ഥലത്തേക്ക് ആദിവാസികൾ കടക്കുകയോ പണി തടസപ്പെടുത്തുകയോ ചെയ്യാൻ പാടില്ലെന്ന് പൊലീസ് ആവർത്തിച്ചു. 24ന് രാവിലെ ഒമ്പതിന് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് ആദിവാസികളുടെ കുടിലും നശിപ്പിച്ചു. പരാതിയുണ്ടെങ്കിൽ പൊലീസിനെയോ കോടതിയോ സമീപിക്കണമെന്നായിരുന്നു മറുപടി.

'പരാതി നൽകിയാൽ ശരിപ്പെടുത്തും' -ഊരിൽ കയറി വധഭീഷണി

24ന് വൈകീട്ട് കൈയേറ്റക്കാരിലൊരാളായ പട്ടമ്പിക്കാരനായ വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘം ഊരിലെത്തി ആദിവാസികളെ ഭീഷണിപ്പെടുത്തി. ഊരുകളിൽ അടങ്ങിയൊതുങ്ങി കഴിയണം, പണി തടസപ്പെടുത്തുകയോ പരാതി നൽകുകയോ ചെയ്താൽ ആദിവാസികളെ ശരിപ്പെടുത്തുമെന്ന മുന്നറിയിപ്പ് നൽകി. ഭൂമി കൈയേറ്റത്തെ എതിർത്താൽ തങ്ങളുടെ തനിസ്വഭാവം കാണിച്ചുതരേണ്ടിവരുമെന്ന വധ ഭീഷണി മുഴക്കിയെന്നും പരാതിയിൽ പറയുന്നു.

കൈയേറ്റത്തിന് ഉദ്യോഗസ്ഥരുടെ സഹായവും

ഭൂമി കൈയേറുന്നതിനുള്ള നീക്കം വളരെ നേരത്തെ തുടങ്ങിയിരുന്നുവെന്നാണ് സംഭവങ്ങൾ നൽകുന്ന സൂചന. അതിന് ഉദ്യോഗസ്ഥരുടെ സഹായവും ലഭിച്ചിട്ടുണ്ട്. ജൂൺ 17ന് കോട്ടത്തറ വില്ലേജ് ഓഫിസർ മോഹനൻ, ഫോറസ്റ്റ് റിട്ടയേഡ് സർവേയർ ഭാസ്കരപിള്ള എന്നിവർ കൈയേറ്റ സംഘത്തോടൊപ്പം സ്ഥലത്ത് എത്തിയിരുന്നു. അന്ന് വൈകീട്ട് 4.30 വരെ സ്ഥലം സർവേ ചെയ്തു.

അഗളി രജിസ്ട്രാർ ഓഫിസിൽ 1998ൽ രാമൻകുട്ടി വാര്യർ എന്നയാൾ ആധാരം നടത്തിയ വസ്തുവാണെന്ന് വില്ലേജ് ഓഫിസർ വിശദീകരണം നൽകി. 2003ൽ രാമൻകുട്ടി വാര്യർ വസ്തു കൈമാറ്റം ചെയ്തുവെന്നും 2022ൽ വീണ്ടും കൈമാറ്റം ചെയ്തുവെന്നുമാണ് വില്ലേജ് ഓഫിസർ പറഞ്ഞത്. സ്ഥലം വാങ്ങിയവർ വിളിച്ചിട്ടാണ് ഭൂമിയിൽ എത്തിയതെന്നും മറ്റൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ 28ന് ആധാരം പരിശോധിക്കുന്നതിനായി ഇരുകൂട്ടരും കോട്ടത്തറ വില്ലേജ് ഓഫിസിൽ എത്തിയിരുന്നു. ആധാരത്തിന്റെ ആധികാരികത പരിശോധിക്കുന്നതിൽനിന്ന് വില്ലേജ് ഓഫിസർ ഒഴിഞ്ഞുമാറി. നക്കുപ്പതിയിൽ താമസിക്കുന്ന മശാണിയുടെ പേരിലുള്ള അഗളി വില്ലേജിലെ 118/ 98 എന്ന ആധാര നമ്പർ ഉപയോഗിച്ചാണ് കോട്ടത്തറ വില്ലേജിൽപ്പെട്ട 523/2 സർവേ നമ്പരിലെ ഭൂമിക്ക് ആധാരം ചമച്ചതെന്നാണ് ആദിവാസികൾ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്.

ഒറ്റപ്പാലം, പനമണ്ണ, തായൻതറ ഹൗസിൽ രാമൻകുട്ടി വാര്യർ ജൂലൈ 17ന് സ്ഥലത്ത് വന്ന് ചില രേഖകൾ ഒപ്പിട്ടു തരണമെന്ന് ആവശ്യപ്പെട്ട് ആദിവാസികളെ ഭീഷണിപ്പെടുത്തിയിരുന്നു. പരാതി കൊടുക്കുമെന്ന് ആദിവാസികൾ പറഞ്ഞപ്പോൾ അദ്ദേഹം സ്ഥലം വിട്ടു. ആദിവാസികൾ രാമൻകുട്ടി വാര്യർക്കോ മറ്റുള്ളവർക്കോ ഭൂമി നിയമപരമായി കൈമാറുകയോ വിട്ടുകൊടുക്കുകയോ ചെയ്തിട്ടില്ല. ഈ ഭൂമിയുമായി യാതൊരു ബന്ധവും രാമൻകുട്ടി വാര്യർ അടക്കമുള്ളവർക്കില്ല.

എന്നാൽ, രാഷ്ട്രീയ പാർട്ടികളുടെയും ഉദ്യോഗസ്ഥന്മാരുടെയും പിന്തുണ അവർക്കുണ്ട്. അതിനാൽ ഭൂമി കൈയേറുന്നതിനു മുമ്പ് ആദിവാസികളുടെ പേരിൽ അവർ കേസ് നൽകി. ഷോളയൂർ -ആനക്കട്ടി റോഡിലെ കണ്ണായ സ്ഥലമാണിത്. അതിനാൽ നിഷ്പക്ഷമായ അന്വേഷണം സമയബന്ധിതമായി നടത്തി തുടർ നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആദിവാസികൾ ആവശ്യപ്പെട്ടു. അന്യാധീനപ്പെട്ട ആദിവാസി ഭൂമി വീണ്ടെടുത്തു നൽകണമെന്നാണ് ആദിവാസികളുടെ ആവശ്യം.

വ്യാജ ആധാരങ്ങളുടെ ആധികാരികത പരിശോധിച്ച് റദ്ദ് ചെയ്യണമെന്നും ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താൻ ഇടപെടണമെന്നുമാണ് പാലക്കാട് കലക്ടർക്കും അട്ടപ്പാടി പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടിനും (എസ്.എം.എസ് യൂനിറ്റ് -അഗളി) നൽകിയ പരാതിയിൽ ആവശ്യപ്പെട്ടത്. 

Tags:    
News Summary - Attapadi Land Grabbing: Land Mafia's Death Threats Against Tribals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.