തിരുവനന്തപുരം: അട്ടപ്പാടിയില്‍ നിര്‍മാണം പാതിവഴിയിലായത് 2,988 വീടുകള്‍. 2015-16 കാലത്ത് എ.ടി.എസ്.പിയില്‍ അനുവദിച്ച 2,667 വീടുകളില്‍ ഒരെണ്ണം മാത്രമാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് വിവിധ പദ്ധതികളിലൂടെ ആകെ 3162 വീടുകള്‍ അനുവദിച്ചിരുന്നു. അതില്‍, 2,988 വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയില്ളെന്നാണ് ഐ.ടി.ഡി.പിയുടെ കണക്ക്. നിയമസഭയില്‍ ചിറ്റയം ഗോപകുമാര്‍ കണക്ക് ആവശ്യപ്പെട്ടപ്പോള്‍ വിവരങ്ങള്‍ ശേഖരിച്ചുവരുന്നെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ജനറല്‍ ഹൗസിങ് -457, അഡീഷനല്‍ ട്രൈബല്‍ ഉപപ്ളാന്‍ (എ.ടി.എസ്.പി) -2517, ഹഡ്കോ -150, കോര്‍പസ് ഫണ്ട് -16, അടിയ-പണിയി പാക്കേജ് -22 എന്നിങ്ങനെ വിവിധ പദ്ധതികളിലാണ് വീട് അനുവദിച്ചത്. 2012-13 കാലത്ത് അനുവദിച്ച 106 വീടുകളില്‍ 13 എണ്ണം ഇപ്പോഴും പണി പൂര്‍ത്തീകരിച്ചിട്ടില്ല. 2012-13ല്‍ 57 വീട് അനുവദിച്ചതില്‍ 30 ഉം 2013-14ല്‍ അനുവദിച്ച 86ല്‍ 41ഉം പൂര്‍ത്തിയാക്കിയിട്ടില്ല. 2011-12 സാമ്പത്തികവര്‍ഷം മുതല്‍ 2014-15 വരെ നിര്‍മാണത്തിന് അനുവദിച്ചത് 2.5 ലക്ഷം രൂപയാണ്. അതിനുശേഷം വീടൊന്നിന് തുക 3.5 ലക്ഷമായി ഉയര്‍ത്തി. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് പട്ടികവര്‍ഗ ഡയറക്ടറേറ്റില്‍നിന്ന് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫിലേക്ക് ഭവനനിര്‍മാണത്തിന് 36.58 കോടി കൈമാറി. അതില്‍നിന്ന് 30 കോടി ചെലവഴിച്ചിട്ടുണ്ട്.
ഡയറക്ടറേറ്റില്‍ 2015-16ല്‍ നല്‍കിയ 27.58 കോടിയില്‍ 21.47 കോടിയിലും ചെലവഴിച്ചിട്ടുണ്ട്. ഭവനനിര്‍മാണത്തിനുള്ള തുക 15, 30, 40, 15 ശതമാനം എന്ന നിരക്കില്‍ നാല് ഗഡുക്കളായിട്ടാണ് വിതരണംചെയ്യുന്നത്. എ.ടി.എസ്.പിയില്‍ നാലാമത്തെ ഗഡു നല്‍കിയതാട്ടെ 44 വീടുകള്‍ക്ക് മാത്രം. സര്‍ക്കാര്‍ മാറിയെങ്കിലും കരാറുകാര്‍ മാറുന്നില്ളെന്നതാണ് അട്ടപ്പാടിയുടെ പ്രത്യേകത. പോഷകാഹാര വിതരണത്തില്‍ ഉള്‍പ്പെടെ എല്‍.ഡി.എഫ്-യു.ഡി.എഫ് ഭേദമില്ലാതെ കാരാറുകാര്‍ ഒരേയാളുകള്‍ തന്നെയാണ്. സ്ഥലം എം.എല്‍.എക്ക് അടക്കം ഇക്കാര്യത്തില്‍ പരാതിയില്ല. കാരണം അട്ടപ്പാടിയിലേക്ക് ഒഴുകുന്നത് കോടികളുടെ വികസന ഫണ്ടാണ്. സമയബന്ധിതമായി ഗഡുക്കള്‍ വിതരണം ചെയ്യുന്നതില്‍ ഐ.ടി.ഡി.പി ഓഫിസ് അനാസ്ഥ കാണിക്കുന്നെന്നാണ് ആദിവാസികളുടെ ആരോപണം.
രാഷ്ട്രീയ പ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഭവനനിര്‍മാണം കരാറുകാര്‍ക്ക് കൈമാറുകയാണ്. ഭവനനിര്‍മാണം പാതി വഴിയിലാക്കിയാല്‍ സ്പില്‍ ഓവറായി വീണ്ടും സര്‍ക്കാര്‍ തുക അനുവദിക്കും. അതും അതേ കരാറുകാരന് ലഭിക്കും. നിര്‍മാണം പൂര്‍ത്തിയാക്കിയെന്ന് സര്‍ക്കാര്‍ കണക്കുകളില്‍ പറയുന്ന വീടുകളില്‍ പലതും പൂര്‍ത്തീകരിച്ചിട്ടില്ളെന്നും ആദിവാസികള്‍ ആരോപിക്കുന്നു. ഗഡു പൂര്‍ണമായും നല്‍കിയാല്‍ കണക്കുപുസ്തകത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയെന്നാണ്. ഈ പദ്ധതികള്‍ക്ക് പുറമെ പ്രാക്തന ഗോത്ര വര്‍ഗ പദ്ധതിയുടെ ഭാഗമായി കുറുമ്പര്‍ക്ക് പ്രത്യേക വീടുകള്‍ അനുവദിച്ചിരുന്നു. അതിന്‍െറ കണക്ക് ഐ.ടി.ഡി.പി ഓഫിസില്‍ ലഭ്യമല്ല. പദ്ധതി നടപ്പാക്കുന്നതിന് കിര്‍ത്താഡ്സ് ബില്‍ഡിങ്ങില്‍ പ്രത്യേക ഓഫിസ് തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.