മണ്ണാർക്കാട്: അട്ടപ്പാടി ചിണ്ടക്കി പഴയൂരിൽ മല്ലന്റേയും കടുകുമണ്ണ ഊരിലെ മല്ലിയുടെയും മകനായി 1983 മേയ് 25നാണ് മധുവിന്റെ ജനനം. 1990 ജൂൺ ഒന്നിന് ചിണ്ടക്കി ജി.ടി.ഡബ്ല്യു.എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിൽ അധ്യയനം ആരംഭിച്ചു. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മല്ലൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു. ഭർത്താവിന്റെ മരണശേഷം മറ്റു ബന്ധുക്കളുടെ ഉത്തരവാദിത്തമില്ലായ്മയും പരിസരവാസികളുടെ സാമൂഹിക വിരുദ്ധ സ്വഭാവവുംമൂലം മകന്റെ അധ്യയനവും ജീവിതവും ഒരുമിച്ച് കൊണ്ടുപോവുക അസഹ്യമായപ്പോൾ ചിണ്ടക്കി സ്കൂളിൽനിന്ന് ടി.സി വാങ്ങി മകനെ കൂക്കമ്പാളയം ജി.എൽ.പി.എസിൽ മൂന്നാം ക്ലാസിൽ ചേർത്തു. ഒപ്പം മധുവിനെ പാക്കുളത്ത് ക്രിസ്ത്യൻ മിഷനറിമാർ നടത്തിയിരുന്ന ഹോസ്റ്റലിലുമാക്കി.
ആ സമയത്ത് താമസിച്ചിരുന്ന പുൽക്കുടിൽ കാറ്റും മഴയുമേറ്റ് തകർന്നതിനെ തുടർന്ന് മല്ലിയമ്മ സ്വന്തം ഊരായ കടുകുമണ്ണയിലേക്ക് മടങ്ങി. ഇതിനിടെ ഇളയ രണ്ടു പെൺമക്കളായ സരസുവിനെയും ചന്ദ്രികയെയും മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ചേർത്തിരുന്നു. നാലാം ക്ലാസ് പാസായ മധു അതിനോട് അനുബന്ധമായ യു.പി സ്കൂളിൽ അഞ്ചിൽ പഠനം തുടർന്നു. എന്നാൽ അമ്മയുടെ കഷ്ടപ്പാട് കണ്ട് സങ്കടപ്പെട്ട മധു ഇടക്കുവെച്ച് പഠനം അവസാനിപ്പിച്ച് അമ്മയെ സഹായിക്കാനിറങ്ങി. ഊരിന് സമീപം ചാമ, കോറ, റാഗി, തുവര എന്നിവ കൃഷി ചെയ്തും വനവിഭവങ്ങൾ ശേഖരിച്ച് വിറ്റുമാണ് മല്ലി ജീവിതം മുന്നോട്ട് കൊണ്ടുപോയത്. 2001 കാലയളവിൽ കാർപെന്ററി പഠിക്കാൻ മധു പുതുപ്പരിയാരത്തേക്ക് പോയി. എന്നാൽ, മൂന്നുമാസത്തിനകം. വിഷാദരോഗാവസ്ഥയിൽ മധു അവിടെനിന്ന് മടങ്ങി. അതുവരെ സഹോദരങ്ങളും കൂട്ടുകാരുമൊക്കെയായി കളിച്ചു ചിരിച്ച് നടന്ന മധു പെട്ടെന്ന് മൗനിയായി.
ഇതിനിടെ 2005ൽ മല്ലിയമ്മയുടെ അച്ഛനും മരിച്ചു. തുടർന്ന് മധുവിനെയും കൂട്ടി മല്ലിയമ്മ ഭർത്താവിന്റെ ഊരായ ചിണ്ടക്കിയിലെത്തി. മധുവിന്റെ അവസ്ഥക്ക് അപ്പോഴും മാറ്റം ഉണ്ടായിരുന്നില്ല. 2008 ഫെബ്രുവരി മുതൽ മധുവിനെ പലതവണ അട്ടപ്പാടിയിലെ കോട്ടത്തറ ഗവ. ട്രൈബൽ ആശുപത്രിയിൽ ചികിത്സക്ക് വിധേയനാക്കി. ശേഷം മരുന്നുകളുമായി വീട്ടിലേക്ക് മടങ്ങിയെങ്കിലും സമയാസമയങ്ങളിൽ മരുന്ന് കഴിക്കാൻ മധു വിസമ്മതിച്ചതുമൂലം അസുഖത്തിന് കാര്യമായ വ്യത്യാസം ഉണ്ടായില്ല. ഇടക്കിടെ വീടുവിട്ട് കാട്ടിൽ പോയി ഒറ്റക്ക് താമസിക്കുന്ന രീതിയും മധു തുടങ്ങി.
പ്രതിസന്ധികൾക്കിടയിലും മൂത്ത മകൾ സരസുവിനെ പ്ലസ് ടു വരെയും ഇളയവൾ ചന്ദ്രികയെ ഡിഗ്രി വരെയും പഠിപ്പിച്ചു. അമ്മയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളിൽ സഹോദരിമാരിൽ മൂത്തവളെ കലക്ടറാക്കണം, ഇളയവളെ ഡോക്ടറാക്കണം എന്നൊക്കെ മധു പറയുമായിരുന്നു എന്ന് നിറകണ്ണുകളോടെ മല്ലിയമ്മ ഓർക്കുന്നു.
2010ൽ മൂത്ത മകൾ സരസുവിന്റെ വിവാഹശേഷം മരുമകന്റെ കൂടി സഹായത്തോടെ 2012ൽ മധുവിനെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോയി. അവിടെ കിടത്തി ചികിത്സ നടത്തിയ ശേഷം വീട്ടിലിരുന്ന് കഴിക്കാനുള്ള മരുന്നുകളുമായി മടങ്ങിയെങ്കിലും പതിവുപോലെ മരുന്ന് കഴിക്കുന്നതിലുള്ള വിമുഖതയും ഇടക്കിടെ വനത്തിൽ പോയി ഒറ്റക്ക് താമസിക്കുന്ന സ്വഭാവവും മൂലം അവസ്ഥയിൽ കാര്യമായ മാറ്റം ഉണ്ടായില്ല. 2014ഓടെ മധുവിന്റെ താമസം പൂർണമായി വനത്തിൽ ആയി. അതിനുശേഷം 2018 വരെയുള്ള കാലയളവിൽ ഏതാണ്ട് രണ്ടോ മൂന്നോ തവണ മാത്രമേ മകനെ മല്ലിയമ്മ കണ്ടിട്ടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.