അട്ടപ്പാടി കരാർ റദ്ദാക്കണം: ആദിവാസികൾ ഗവർണർക്ക് നിവേദനം നൽകി

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസികളുടെ പുനരധിവാസത്തിന് നൽകിയ വനഭൂമി സ്വകാര്യ സ്ഥാപനത്തിന് കരാർ നൽകിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദിവാസികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകി. അട്ടപ്പാടിയിലെ ആദിവാസി ഭൂമിയിൽ വ്യാപകമായ കൈമാറ്റവും കൈയേറ്റവും നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും ആദിവാസി ഭൂ സംരക്ഷണ നിയമങ്ങൾ സർക്കാർ പാലിക്കുന്നില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

അട്ടപ്പാടിയിലെ ഫാമിംഗ് സൊസൈറ്റി പിരിച്ചുവിട്ട് ഭൂമി ആദിവാസി കുടുംബങ്ങൾക്ക് നൽകാൻ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. പാലക്കാട് കലക്ടർ, ഒറ്റപ്പാലം സബ് കലക്ടർ തുടങ്ങിയവർ ആദിവാസികളുടെ ഭൂമി കൈയേറുന്നവരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

1975ൽ 420 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനാണ് 2730 നിക്ഷിപ്ത വനഭൂമി കേന്ദ്ര സർക്കാർ അനുവദിച്ചത്. കൂട്ടികൃഷി നടത്താനാണ് ഫാമിങ് സൊസൈറ്റി രൂപീകരിച്ചത്. കാപ്പി, ഏലം, കുരുമുളക്, ഗ്രാമ്പു മറ്റു നാണ്യവിള കൃഷികൾ സൊസൈറ്റി ചെയ്തിരുന്നു. ആദിവാസികളെ കൃഷിയിൽ സ്വയംപര്യാപ്തരാക്കി അഞ്ചുവർഷം കഴിയുമ്പോൾ അവരുടെ ഭൂമി വിട്ടു കൊടുക്കാമെന്ന് വ്യവസ്ഥ സർക്കാർ പിന്നീട് പാലിച്ചില്ല. ഈ പ്രദേശത്ത് താമസിച്ചിരുന്ന പ്രാക്തന ഗോത്ര വർഗക്കാരുടെ കൃഷിഭൂമിയും ഇക്കാലത്ത് ഫാമിനോട് ചേർത്തു.

പട്ടികവർഗ വകുപ്പിൽനിന്ന് നിയോഗിക്കുന്ന ഫാമിങ് സൊസൈറ്റി സെക്രട്ടറിയും ഐ.ടി.ഡി.പി ഓഫീസറും ചേർന്ന് അഴിമതിയും ധൂർത്തും നടത്തി. അതിനാൽ ഫാമിങ് സൊസൈറ്റി വർഷങ്ങളായി നഷ്ടത്തിലാണ്. സൊസൈറ്റി അധികൃതർ കൃഷി വികസിപ്പിച്ചില്ല. ആദിവാസികളുടെ ഭൂമിയിലെ കൃഷി നശിച്ചു. ഇപ്പോൾ ഫാമിലെ വലിയൊരു പ്രദേശം കാടുപിടിച്ചു കിടക്കുകയാണ്. 2019ൽ ആദിവാസികളുടെ പട്ടയ ഭൂമി മറ്റു സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിന് കൊടുത്തു. കരാറിൽ ഒപ്പുവെച്ചത് ഒറ്റപ്പാലം സബ് കളക്ടറാണ്. കരാറിൽ സാക്ഷിയായി ഒപ്പിട്ടത് അട്ടപ്പാടിയിലെ ഐ.ടി.ഡി.പി ഓഫീസർ കൃഷ്ണ പ്രസാദാണ്.

1975 പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിക്ഷിപ്ത വനഭൂമി ആദിവാസികൾക്ക് വിതരണം ചെയ്തിരുന്നു. സൊസൈറ്റികൾ ഉദ്യോഗസ്ഥ അഴിമതിയുടെ കൂത്തരങ്ങായപ്പോൾ സർക്കാർ സൊസൈറ്റികൾ തിരിച്ചുവിട്ടു. ഭൂമിയുടെ അവകാശികളായ ആദിവാസി കുടുംബങ്ങൾക്ക് അഞ്ചേക്കർ ഭൂമി വരെ വിതരണം ചെയ്തിട്ടുണ്ട്. വയനാട്ടിലെ സുഗന്ധഗിരി ,പ്രിയദർശിനി, പൂക്കോട്, കോഴിക്കോട് വട്ടച്ചിറ തുടങ്ങിയ നഷ്ടത്തിലായ ഫാമുകളിലെ സൊസൈറ്റികൾ പിരിച്ചുവിട്ടാണ് ആദിവാസികൾക്ക് ഭൂമി നൽകിയത്. അതുപോലെ അട്ടപ്പാടിയിലെ ഫാമിംഗ് സൊസൈറ്റി പിരിച്ചുവിട്ട് ആദിവാസികൾക്ക് ഭൂമി നൽകണമെന്നാണ് ആവശ്യം. വെള്ളിങ്കിരി( വരമല ഫാം), ടി.കെ കാടൻ, മണി(ചിണ്ടക്കി ഫാം), ശിവദാസൻ (പോത്തുപ്പാടി), ടി.ആർ.ചന്ദ്രൻ (വട്ടലക്കി ), കോങ്കറ (പോത്തുപ്പാടി), അട്ടപ്പാടി സുകുമാരൻ തുടങ്ങിയവരാണ് ഗവർണർക്ക് പരാതി നൽകിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.