സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം: സ്കൂൾ അധികൃതരെ പൂട്ടിയിട്ട് എം.എസ്.എഫ് പ്രതിഷേധം

അരീക്കോട്: മലപ്പുറം കീഴുപറമ്പ് ജി.വി.എച്ച്.എസ്. സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വി.ഡി സവർക്കറെ ഉൾപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സ്കൂൾ അധികൃതരെ ഓഫിസ് മുറിയിൽ പൂട്ടിയിട്ട് എം.എസ്.എഫ് പ്രതിഷേധം. രാവിലെ 11 മണിയോടെയാണ് എം.എസ്.എഫ് പ്രവർത്തകർ സ്കൂളിൽ പ്രതിഷേധവുമായെത്തിയത്.

തുടർന്ന് പ്രവർത്തകർ സ്കൂൾ അധികൃതരെ ഓഫിസ് റൂമിൽ പൂട്ടിയിട്ട് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഘോഷയാത്രയിൽ വി.ഡി സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടത്തിയ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഏറനാട് മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

തുടർന്ന് വിവരമറിഞ്ഞ് അരീക്കോട് പൊലീസ് സംഭവസ്ഥലത്തെത്തി പ്രതിഷേധക്കാരെ മാറ്റാൻ ശ്രമിച്ചെങ്കിലും ഇവർ തയാറായില്ല. തുടർന്ന് പൊലീസ് ലാത്തി വീശിയ ശേഷം പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എട്ടോളം പ്രവർത്തകരെയാണ് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ചൊവ്വാഴ്ച യൂത്ത് ലീഗും സ്കൂളിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് എം.എസ്.എഫ് പ്രവർത്തകർ സ്കൂൾ അധികൃതരെ ഓഫിസ് റൂമിൽ പൂട്ടിയിട്ട് പ്രതിഷേധിച്ചത്. സംഭവം വിവാദമായതോടെ വിവിധ രാഷ്ട്രീയ, മത, വിദ്യാർഥി സംഘടനകൾ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

എന്നാൽ, സംഭവം വിവാദമായതിന് പിന്നാലെ സബ് കമ്മിറ്റിയുടെ ചുമതലയുള്ള അധ്യാപികയോട് സ്കൂൾ അധികൃതർ വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇത് ലഭിക്കുന്നതിന് അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

Tags:    
News Summary - Attempt to include Savarkar in Independence Day celebrations: MSF protests by locking up school authorities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.