മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: പ്രതികളെ നാളെ ഹാജരാക്കണം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലുള്ള രണ്ടു പ്രതികളെ തിങ്കളാഴ്ച ഹാജരാക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം ജില്ല ജയിലിൽ റിമാൻഡിൽ കഴിയുന്ന കണ്ണൂർ സ്വദേശികളും യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെയാണ് തിങ്കളാഴ്ച ഹാജരാക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ബാലകൃഷ്ണൻ ഉത്തരവിട്ടത്. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി.

കേസിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ചോദ്യം ചെയ്യാനും തെളിവ് ശേഖരിക്കാനും പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും ചൂണ്ടിക്കാട്ടിയുള്ള അപേക്ഷയാണ് അന്വേഷണ സംഘം സമർപ്പിച്ചത്. പ്രതികൾ ഹൈകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ച സാഹചര്യത്തിലാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം പൊലീസ് ദ്രുതഗതിയിലാക്കിയത്.

കോടതി കേസ് പരിഗണിച്ചപ്പോൾ, വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ വധശ്രമക്കുറ്റം ഉൾപ്പെടെ ചുമത്തി സർക്കാർ വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിഭാഗം വാദിച്ചു. വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആക്രമിക്കപ്പെട്ടതെന്നും അതിന് ഉത്തരവാദികളായവർക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. എന്നാൽ, കേസ് പരിഗണിക്കുമ്പോൾ വിവാദമല്ല നിയമമാണ് കോടതി പരിഗണിക്കുന്നതെന്ന് ജില്ല ജഡ്ജി ചൂണ്ടിക്കാട്ടി. അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പ്രതികളെ തിങ്കളാഴ്ച ഹാജരാക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. അതിനിടെ കേസിൽ വിമാനയാത്രക്കാരുടെ മൊഴിയെടുപ്പ് നടപടി അന്തിമഘട്ടത്തിലാണ്. പരാതിക്കാരനായ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറുമായുള്ള തെളിവെടുപ്പും പൂർത്തീകരിച്ചു. വിമാന-വിമാനത്താവള ഗ്രൗണ്ട് ഹാന്‍ഡ്ലിങ് വിഭാഗം ജീവനക്കാരുടെ മൊഴിയെടുപ്പും നടക്കുന്നുണ്ട്. വിമാനക്കമ്പനിയായ ഇൻഡിഗോ പ്രഖ്യാപിച്ച അന്വേഷണവും പുരോഗമിക്കുകയാണ്. 

Tags:    
News Summary - Attempted assassination to CM: Defendants should be produced tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.