കരുനാഗപ്പള്ളി: ഉത്സവത്തിനിെടയുണ്ടായ തർക്കത്തെതുടർന്ന് യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പൊലീസ് പിടിയിലായി.
കുലശേഖരപുരം കോട്ടയ്ക്കപുറം അനന്തുഭവനത്തിൽ അനന്തു (22), ക്ലാപ്പന ഈരിക്കൽ തറ വരവിള അതുൽ ബാബു (21), ആദിനാട് തെക്ക് പുത്തൻകണ്ടത്തിൽ സന്ദീപ് (23), തൃക്കരുവ പ്ലാക്കോണം കുളത്തുംകരവീട്ടിൽ അക്ഷയ്കുമാർ (18) എന്നിവർ ഉൾപ്പെട്ട സംഘത്തെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.
ശനിയാഴ്ച രാത്രി ഓച്ചിറ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന നാടൻപാട്ടിനൊപ്പം പ്രതികൾ നൃത്തം ചെയ്തത് ക്ലാപ്പന സ്വദേശിയായ ഹരീഷിന്റെ കൂട്ടുകാരനായ അഖിലിന്റെ ദേഹത്ത് തട്ടിയതിനെ തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം അടിപിടിയിലെത്തി. ഹരീഷിന്റെ മറ്റൊരു സുഹൃത്തായ വിഷ്ണുവിന് പരിക്കേറ്റു. ഹരീഷും സുഹൃത്തുക്കളും ചേർന്ന് ഇയാളെ കോളഭാഗത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
ഗുരുതരാവസ്ഥയിലുള്ള ഇയാളെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ഹരീഷും സുഹൃത്തുക്കളും ശ്രമിക്കവെ പ്രതികൾ ബൈക്കിൽ എത്തി. വാക്കുതർക്കത്തിൽ അനന്തു കത്തി ഉപയോഗിച്ച് അഖിലിന്റെ വാരിയെല്ലിന് കുത്തുകയായിരുന്നു.
നിലത്തുവീണിട്ടും ഇയാൾ നെഞ്ചിലും കാലുകളിലുമായി തുടരെ കുത്തി. അഖിലിന്റെ സ്ഥിതി അതിഗുരുതരമാണ്.
കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷിഹാസ്, ഷെമീർ, ഷാജിമോൻ എസ്.സി.പി.ഒ ഹാഷിം, രാജീവ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.