കണ്ണൂർ: മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ഹരജി ഹൈകോടതിയുടെ പരിഗണനയിലിരിക്കെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) നടപടികൾക്ക് അസാമാന്യ വേഗത. നവീൻ ബാബു ഉപയോഗിച്ച രണ്ട് ഫോണുകൾ കണ്ണൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞദിവസം പൊലീസ് ഹാജരാക്കി. മരണം നടന്ന് ഒന്നരമാസം പിന്നിടുമ്പോഴാണ് ഫോണുകൾ സമർപ്പിച്ചത്.
പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചശേഷം ജില്ല കലക്ടർ അരുൺ കെ. വിജയന്റെ മൊഴിയെടുത്തതും കഴിഞ്ഞദിവസം. നവീൻ ബാബുവിന്റേത് കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യ കെ. മഞ്ജുഷ ഹൈകോടതിയെ സമീപിച്ചതിനു പിന്നാലെയാണ് എസ്.ഐ.ടിയുടെ പരക്കംപാച്ചിൽ. ഡിസംബർ ആറിന് കേസ് ഡയറി ഹാജരാക്കാനാണ് കോടതിയുടെ നിർദേശം. അതിനുമുമ്പ് വിശദമായ റിപ്പോർട്ട് തയാറാക്കാനുള്ള തിരക്കിട്ട നീക്കമാണ് പൊലീസ് നടത്തുന്നത്. എസ്.ഐ.ടിയെക്കുറിച്ചാണ് നവീൻ ബാബുവിന്റെ കുടുംബത്തിന് കാര്യമായ പരാതി. ഒക്ടോബർ 25ന് എസ്.ഐ.ടിയുണ്ടാക്കിയെങ്കിലും കോടതിയിൽവരെ പരാതിയുന്നയിച്ചശേഷമാണ് പത്തനംതിട്ടയിലെത്തി കുടുംബത്തിന്റെ മൊഴിയെടുത്തത്. സി.ബി.ഐ അന്വേഷണം ഉന്നയിച്ച് ഹരജി നൽകിയശേഷമാണ് കേസിൽ ആരോപണ വിധേയനായ കലക്ടറുടെ മൊഴിയെടുത്തത്. കീഴടങ്ങിയശേഷം കേസിലെ പ്രതി പി.പി. ദിവ്യയെ ചോദ്യം ചെയ്തതും കലക്ടറേറ്റിലെ ഏതാനും ജീവനക്കാരുടെ മൊഴിയെടുത്തതുമാണ് എസ്.ഐ.ടി കാര്യമായി ചെയ്തത്.
നവീൻ ബാബുവിനെ കൈക്കൂലിക്കാരനാക്കാൻ എസ്.ഐ.ടി ശ്രമിക്കുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സി.ബി.ഐ അന്വേഷണം മുന്നിൽക്കണ്ടാണ് സി.സി.ടി.വി ദൃശ്യങ്ങൾ, ഫോൺ വിളിച്ച വിവരങ്ങൾ തുടങ്ങിയവ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ജുഷ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
എ.ഡി.എം മരിച്ചതിനുശേഷമുള്ള നടപടിക്രമങ്ങളിൽ പൊലീസിന് വീഴ്ചയുണ്ടായെന്നാണ് പ്രധാന ആരോപണം. ബന്ധുക്കൾ എത്തുംമുമ്പേ ഇൻക്വസ്റ്റ് നടത്തിയതും പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയതുമാണ് വിവാദമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.