തിരൂർ: ചത്ത പോത്തിനെ കണ്ടെയിനറിലിട്ട് വാതിലുകൾ അടച്ച് അറുക്കാനുള്ള ഫാം നടത്തിപ്പുകാരന്റെ ശ്രമം തടഞ്ഞു. നാട്ടുകാർ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്, ആരോഗ്യ വിഭാഗം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അധികൃതർ സ്ഥലത്തെത്തിയപ്പോഴേക്കും ഒന്നിനെ കശാപ്പ് ചെയ്ത് തൊലി ഉരിഞ്ഞ നിലയിലും മറ്റു രണ്ടെണ്ണത്തിനെ കശാപ്പ് ചെയ്ത നിലയിലുമായിരുന്നു.
ആലത്തിയൂർ വെള്ളോട്ട് പാലത്തിൽ ഫാം നടത്തുന്ന പുതുപ്പള്ളി സ്വദേശി സലിമാണ് പെരുന്നാൾ വിപണി ലക്ഷ്യമിട്ട് ഹരിയാനയിൽനിന്ന് പോത്തുകളെ എത്തിച്ചത്. പോത്തുകളിൽ വഴിയിൽ വെച്ച് ചത്ത മൂന്നെണ്ണത്തിനെ അറുത്തു വിൽക്കാനാണ് ശ്രമിച്ചത്. 26 പോത്തുകളെയാണ് ഫാം ഉടമ ഹരിയാനയിൽനിന്ന് കൊണ്ടുവന്നത്. വിവിധ കാരണങ്ങളാൽ മൂന്ന് ദിവസം വൈകിയാണ് നാട്ടിലെത്തിയത്. അപ്പോഴേക്ക് മൂന്നെണ്ണം ചത്തിരുന്നു. എന്നാൽ ഇത് പുറത്തറിയിക്കാതെ അറുത്ത് വിൽപന നടത്താൻ ഉടമയും ലോറിയിലുണ്ടായിരുന്നവരും ശ്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.
പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി മാംസത്തിൽ കശാപ്പുകാരെ കൊണ്ട് തന്നെ ഡീസൽ ഒഴിപ്പിച്ചു. നാട്ടുകാരും പഞ്ചായത്ത് അധികൃതരും ഉടമക്കെതിരെ പൊലീസിൽ പരാതി നൽകി.
വാഹനത്തിൽ കുത്തി നിറച്ച് കൊണ്ടുവന്നതിനാൽ മിക്ക പോത്തുകൾക്കും മുറിവുകൾ സംഭവിച്ചിട്ടുമുണ്ട്. അമിത വേഗതയിൽ കണ്ടെയിനർ ഓടിച്ചതിന് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശാലിനി, വൈസ് പ്രസിഡന്റ് അബ്ദുൽ ഫുക്കാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം. ലൈല, സെക്രട്ടറി പി.പി. അബ്ബാസ്, ജെ.എച്ച്.ഐ ഫസൽ ഗഫൂർ, വെറ്ററിനറി സർജൻ ഡോ. മേഘ എന്നിവർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
അനധികൃതമായിട്ടാണ് ഫാം നടത്തുന്നതെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. ചത്ത പോത്തുകളെ ഫാം ഉടമയുടെ സ്ഥലത്ത് തന്നെ കുഴിച്ചുമൂടാനും അധികൃതർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.