തിരുവനന്തപുരം: തിന്മകളും കെടുതികളും ഒഴിഞ്ഞ് ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതത്തിനുവേണ്ടി പ്രാർഥനയുമായി ആറ്റുകാൽ ദേവിക്ക് ഞായറാഴ്ച ഭക്തലക്ഷങ്ങളുടെ പൊങ്കാല. ഞായറാഴ്ച രാവിലെ 10ന് ശുദ്ധപുണ്യാഹത്തിനു ശേഷം ചടങ്ങുകള്‍ ആരംഭിക്കും.
മുന്നിലെ പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടും. 10.30ന് സഹമേൽശാന്തി വലിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിലേക്കും തീ പകരുമ്പോൾ മുഴങ്ങുന്ന ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും ഭക്തർ ഒരുക്കിയ അടുപ്പുകൾ ജ്വലിപ്പിക്കാനുള്ള വിളംബരമാകും.
പണ്ടാര അടുപ്പിൽനിന്ന് കത്തിക്കുന്ന ദീപമാണ് കീലോമീറ്ററുകളോളം നിരക്കുന്ന അടുപ്പുകളിലേക്ക് പകരുക. ഉച്ചക്ക് 2.30ന് നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും. നിവേദ്യസമയത്ത് വായുസേനയുടെ ഹെലികോപ്ടര്‍ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും.
രാത്രി 11ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത് തുടങ്ങും. തൃക്കടവൂര്‍ ശിവരാജന് എന്ന കൊമ്പനാണ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. കുത്തിയോട്ട ബാലന്മാര് എഴുന്നള്ളത്തിനെ അനുഗമിക്കും. സായുധ പൊലീസിന്റെ അകമ്പടിയും വാദ്യമേളങ്ങളുമുണ്ടാകും. രാത്രി മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. 27ന് പുലർച്ച 12.30ന് നടത്തുന്ന കുരുതിതർപ്പണത്തോടെ 10 ദിവസത്തെ ഉത്സവത്തിന് സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.