വൈത്തിരി: തിങ്കളാഴ്ച ചുണ്ടേൽ എസ്റ്റേറ്റ് റോഡിലുണ്ടായ വാഹനാപകടം ആസൂത്രിതമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തോടനുബന്ധിച്ച് നിലമ്പൂർ സ്വദേശി സുൽഫിയുടെ മക്കളായ സുമിൻ ഷാദിനെയും അജിൻ ഷാദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മഹീന്ദ്ര ഥാർ ജീപ്പും ഓട്ടോറിക്ഷയും എസ്റ്റേറ്റ് റോഡിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ കുന്നത്ത് പീടിയേക്കൽ നവാസിന്റെ മരണം ആസൂത്രിതമാണെന്നാണ് പൊലീസ് കണ്ടെത്തിയത്.
അപകടദിവസം തന്നെ ബന്ധുക്കളും നാട്ടുകാരിൽ ചിലരും നവാസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചിരുന്നു. സ്ഥലത്തു അന്വേഷണം നടത്തിയ പൊലീസും സംശയിച്ചിരുന്നു. ഇതുകൊണ്ടുതന്നെ മാനന്തവാടി ജില്ല ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്.
ഇരുവാഹനങ്ങൾക്കും സുഗമമായി കടന്നുപോകാനുള്ള വീതിയും ദൂരവുമുണ്ടായ സ്ഥലത്താണ് അപകടം നടന്നത്. ചുണ്ടേൽ ആനപ്പാറയിൽ യാത്രക്കാരെ ഇറക്കിയ നവാസിനെ ചുണ്ടേൽ എസ്റ്റേറ്റിൽ ആരോ വിളിച്ചു എത്രയും പെട്ടെന്ന് എത്താൻ പറഞ്ഞിരുന്നു. ഇത് പ്രതികളിൽ ഒരാളാണെന്നാണ് കരുതുന്നത്.
ഓട്ടോറിക്ഷ എത്തുന്ന സമയത്ത് ചുണ്ട തോട്ടം പള്ളിയുടെ ഭാഗത്ത് കാത്തുനിന്നശേഷം സുമിൻഷാദ് അതിവേഗത്തിൽ ജീപ്പ് ഓടിച്ചു വരുകയും നവാസിന്റെ ഓട്ടോറിക്ഷക്ക് കടന്നുപോകാനാകാത്തവിധം ഇടതു വശം അടുപ്പിച്ചു ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.
ജീപ്പിന്റെ വരവുകണ്ട നവാസ് വാഹനം റോഡിൽനിന്നും ഇറക്കിയിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. കഴുത്തിനേറ്റ ഗുരുതര പരിക്കാണ് നവാസിന്റെ മരണകാരണം. അപകടശേഷം സുമിൻഷാദ് സെൽഫി എടുക്കുകയും ഓട്ടോയെയോ നവാസിനെയോ നോക്കാതെ ഫോൺ ചെയ്യുന്നതാണ് സ്ഥലത്തെത്തിയ നാട്ടുകാർ കണ്ടത്.
അജിന്റെ പിതാവ് സുൽഫിക്കു ചുണ്ടേൽ അങ്ങാടിക്കടുത്ത് ഹോട്ടലുണ്ട്. ഹോട്ടലിനെതിർവശത്ത് നവാസിന്റെ ഭാര്യാപിതാവിന്റെ സ്റ്റേഷനറി കടയുമുണ്ട്. സുൽഫിയും നവാസും തമ്മിൽ ചില പ്രശ്നങ്ങളുണ്ടാകുകയും വൈത്തിരി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ഏതാനും ദിവസങ്ങൾക്കു മുമ്പ് സുൽഫിയുടെ ഹോട്ടലിന് മുന്നിൽ ആരോ കൂടോത്രം കൊണ്ടിട്ടിരുന്നുവത്രേ. ഹോട്ടൽ പൂട്ടിക്കാനും തന്നെ നശിപ്പിക്കാനും നവാസ് ചെയ്യിപ്പിച്ചതാണെന്നായിരുന്നു സുൽഫി ധരിച്ചത്. ഇതോടെ കാര്യങ്ങൾ മക്കളെ ധരിപ്പിക്കുകയായിരുന്നു.
തുടർന്ന് സുബിൻഷാദും അജിൻ ഷാദും നവാസിനെ ഇല്ലാതാക്കാൻ പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് പറയപ്പെടുന്നത്. ഇരുവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും ചുണ്ടേൽ ഭാഗങ്ങളിൽ ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നതിന് പിന്നിൽ ഇവരാണെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. അപകടത്തിൽ പരിക്കേറ്റ സുമിൻഷാദ് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഡിസ്ചാർജ്ജ് ചെയ്ത ശേഷം സുമിൻഷാദിനെയും തുടർന്ന് അജിൻഷാദിനെയും അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനക്കുശേഷം കോടതിയിൽ ഹജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ ചോദ്യം ചെയ്താൽ മാത്രമെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. വൈത്തിരി എസ്.എച്ച്.ഒ എം. വിശ്വംഭരനാണ് അന്വേഷണ ചുമതല.
വൈത്തിരി: ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ തിങ്കളാഴ്ച നടന്ന വാഹനാപകട കൊലപാതക വിവരം പുറത്തുവന്നതോടെ ഞെട്ടിത്തരിച്ചിരിക്കുകയാണ് ചുണ്ടേൽ നിവാസികൾ. ചുണ്ട തോട്ടത്തിലുള്ളവർക്കും ചുണ്ടേൽ അങ്ങാടിയിലുള്ളവർക്കും ഏറെ സമ്മതനായിരുന്നു നവാസ്.
ഏതു പാതിരാത്രിയിലും ദുഷ്കരമായ റോഡിലൂടെ ഓട്ടം പോകുന്ന നവാസ് പലപ്പോഴും യാത്രക്കാരെ സൗജന്യമായും ഓട്ടംപോകാറുണ്ടായിരുന്നു. പലരും ഓട്ടത്തിന് നവാസിനെത്തന്നെയായിരുന്നു വിളിച്ചിരുന്നത്.
ചുണ്ടത്തോട്ടം പള്ളിയിൽ ചൊവ്വാഴ്ച നടന്ന മയ്യിത്തു നമസ്കാരത്തിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. കൊലപാതകം ഉൾക്കൊള്ളാൻ കഴിയാതെ നാട്ടുകാരിൽ ചിലർ സുൽഫിയുടെ ഹോട്ടൽ ചൊവ്വാഴ്ച അടിച്ചു തകർക്കുകയുണ്ടായി.
നവാസിന്റെ ഭാര്യാപിതാവിന്റെ സ്റ്റേഷനറികടക്ക് എതിർ വശത്താണ് പ്രതികളായ സുമിൻഷാദിന്റെയും അജിൻഷാദിന്റെയും പിതാവ് സുൽഫിയുടെ മജ്ലിസ് ഹോട്ടൽ. തിങ്കളാഴ്ച ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ സഹോദരങ്ങൾ നടത്തിയ ഗൂഢാലോചനയിലൂടെ നവാസ് ഓടിച്ച ഓട്ടോ ജീപ്പിടിപ്പിച്ച് തകർക്കുകയായിരുന്നു.
ജീപ്പ് പിറകോട്ടെടുത്ത ശേഷം വീണ്ടും ഓട്ടോയിലിടിച്ചുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നവാസിന്റെ ബന്ധുക്കൾക്കും അപകടം അന്വേഷിച്ച പൊലീസിനും ഉണ്ടായ സംശയമാണ് അപകടമരണം ആസൂത്രിതമായ കൊലപാതകമാണെന്ന് കണ്ടെത്തിയത്. പ്രതികളായ സുമിൻഷാദിന്റെയും അജിൻ ഷാദിന്റെയും അറസ്റ്റ് ബുധനാഴ്ചയാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.